കോവളത്തുകാര്‍ ആര്‍ക്കൊപ്പം നില്‍ക്കും

TVM-KOVALAMഎസ്. രാജേന്ദ്രകുമാര്‍
വിഴിഞ്ഞം: കടുത്ത വേനലിനിടെ ലഭിച്ച ആശ്വാസ മഴയിലും വിയര്‍ത്ത് കോവളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. വിജയത്തില്‍ കുറഞ്ഞ് ഒന്നുമില്ലെന്നുറപ്പിച്ച് മുന്നണി സാരഥികള്‍ അവസാനവട്ട പോരാട്ടത്തിലേക്ക് കടന്നു. പ്രാദേശിക വാദവും പ്രതിവാദവുമായി അവസാനവട്ട വോട്ടുപിടിത്തം ചൂടുപിടിപ്പിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. മണ്ഡലത്തില്‍ ജനിച്ച് വളര്‍ന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസ്, എന്‍ഡിഎ സ്ഥാനാര്‍ ഥികള്‍ പറയുമ്പോള്‍, താന്‍ 18 വയസു മുതല്‍ കോവളം മണ്ഡലത്തിന്റെ പുത്രിയാണെന്നും ഇവിടുത്തെ മുക്കും മൂലയും സുപരിചതവുമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരിച്ചടിക്കുന്നു.

പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ എത്തിയ നേതാക്കളുടെ പ്രസംഗങ്ങളിലും വാദ പ്രതിവാദങ്ങള്‍ നിഴലിച്ചു. വോട്ടര്‍മാരെ കാണാന്‍ നടത്തിയ പടയോട്ടം അവസാനിപ്പിച്ച സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരുടെ മനസറിയാന്‍ ഇന്നു മുതല്‍ വീടുകള്‍തോറും കയറിയിറങ്ങും. ശബ്ദകോലാഹലങ്ങളുമായി തെരുവുകള്‍ കൈയടക്കിയ പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തകരുടെ ആവേശവും മണ്ഡലത്തെ ത്രികോണ മത്സരത്തിന്റെ പ്രതീതിയിലാഴ്ത്തി. തീരദേശത്തുകാരുടെ മനസിളക്കാന്‍ ഇന്ന് എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും റോഡ്‌ഷോ യുമുണ്ട്. തീരദേശം ഇളക്കി മറിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ശക്തിപകരാന്‍ എം.എ. ബേബി ഇന്നു മണ്ഡലത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടര മുതല്‍ പൂവാര്‍ ബീച്ചില്‍ നിന്ന് വിഴിഞ്ഞത്തേക്ക് തീരദേശ റോഡിലൂടെ ചുറ്റും. എന്‍ഡിഎക്കായി സുരേഷ് ഗോപി രംഗത്തിറങ്ങും. ഉച്ചയ്ക്ക് 12നു കല്ലിയൂര്‍ ശാന്തിവിളയില്‍ നിന്നു പുറപ്പെടുന്ന പ്രചാരണം ഇടറോഡുകള്‍ ചുറ്റി ബാലരാമപുരത്ത് സമാപിക്കും. യുഡിഎഫുകാരെ ഉണര്‍ത്താന്‍ എ.കെ. ആന്റണി നാളെ പുതിയതുറയില്‍ എത്തും. മണ്ഡലം ചുറ്റല്‍ ആരംഭിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. എം. വിന്‍സെന്റിന്റെ പര്യടനത്തിനു ഇന്നലെ കരിംകുളത്ത് അവസാനിച്ചു.

നേതാക്കളും പ്രവര്‍ത്തകരും മേഖലയിലെ വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടഭ്യര്‍ഥനക്ക് ഇന്നു മുതല്‍ മുന്‍തൂക്കം നല്‍കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീല പ്രകാശം ഇന്നലെ മണ്ഡലത്തിലുടനീളമുള്ള വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. കാഞ്ഞിരംകുളം, കോവളം, വിഴിഞ്ഞം മേഖലയിലെ കോളനികളിലായിരുന്നു പ്രധാനമായി കേന്ദ്രീകരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ടി.എന്‍. സുരേഷിന്റെ മണ്ഡല പര്യടനത്തിനു ഇന്നു സമാപനമാകും. വിഴിഞ്ഞം, വെങ്ങാനൂര്‍ പഞ്ചായത്തുകളിലെ പര്യടനവും ഇന്നലെ പൂര്‍ത്തിയാക്കി.

Related posts