പയ്യന്നൂര്‍: പയ്യന്നൂരിലെ ബിജെപി നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തി. ഈ വിവരം പുറത്തായതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ബിജെപിയിലും പൊട്ടിത്തെറി.
രഹസ്യചര്‍ച്ച നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉന്നതനേതൃത്വം നടപടിക്ക്. ചര്‍ച്ചക്ക് കളമൊരുക്കി മധ്യസ്ഥം വഹിക്കാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസ് നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളും വെട്ടില്‍.
കെപിസിസി നിയോഗിച്ച സുപ്രധന ചുമതലയുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ് ബിജെപി-കോണ്‍ഗ്രസ് രഹസ്യയോഗം നടന്നത്.
ഈ കോണ്‍ഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് ബിജെപി നേതാക്കളുടെ താത്പര്യ പ്രകാരം ചര്‍ച്ചക്ക് കളമൊരുക്കിയത്. ചര്‍ച്ചയില്‍ പയ്യന്നൂരിലെ മൂന്ന് ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തുവെന്ന വിവരമാണ് പുറത്ത് വരുന്നത്.
കോണ്‍ഗ്രസ് മുക്ത മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടിയെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതൃത്വം അതീവ ഗൗരവത്തോടെയാണ് വിഷയത്തെ നോക്കിക്കാണുന്നത്.
പയ്യന്നൂരിലെ ബിജെപിയിലും ഈ സംഭവം പൊട്ടിത്തെറിക്ക് കളമൊരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നാണ് സൂചന.
സമീപ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇക്കുറി കനത്ത പരാജയമാണ് ബിജെപിക്ക് പയ്യന്നൂരിലുണ്ടായത്.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ വോട്ടുകളുടെ എണ്ണം കൂടിവന്ന പാര്‍ട്ടിക്ക് ദേശീയ ഭരണവും അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും അതൊന്നും വോട്ടുകളാക്കി മാറ്റുവാനായില്ല.
തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ബിജെപിയുടെ സാന്നിദ്ധ്യം പോലും കാണുവാനില്ലായിരുന്നു. നേതാക്കളാരും പ്രചരണത്തിനായി പയ്യന്നൂരിലെത്താതിരുന്നതില് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്.
പയ്യന്നൂരിലെ ബിജെപിയിലെ വോട്ടുചോര്‍ച്ചയില്‍ മനംനൊന്ത് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ച നടത്താന്‍ ബിജെപിയിലെ പ്രമുഖര്‍തന്നെ മുന്‍കൈ എടുത്തതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
നേതൃമാറ്റങ്ങളും മണ്ഡലം വിഭജനങ്ങളും നടക്കാനിരിക്കുന്ന പയ്യന്നൂര്‍ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെയുള്ള പടപ്പുറപ്പാട് ശക്തമാകാനും ഇതിടയാക്കും.
കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയുള്ളതായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ എല്‍ഡിഎഫ് ആരോപിച്ചിരുന്നു.ഈ ആരോപണം ശരിവെക്കുന്ന വിവരമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.