പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടത് മാനഭംഗശ്രമത്തിനിടെയെന്നു സൂചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷ (30) അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മാതാവ് ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തിലും മാറിലും തലയിലും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. അടിവയറില്‍ ഏറ്റ മര്‍ദനത്തില്‍ ആന്തരീകാവയവങ്ങള്‍ പുറത്തുവന്നിരുന്നതായി പോലീസ് പറഞ്ഞു. ഷാള്‍ ഉപയോഗിച്ച് മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയിട്ടുണ്ട്.
മാനഭംഗശ്രമം ചെറുക്കുന്നുതിനിടെയാണ് പരിക്കുകളുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയ്ക്കാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൂടാതെ ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജിഷ എല്‍എല്‍ബി പരീക്ഷയെഴുതിയിരുന്നു. ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് വീണ്ടും എഴുതാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം. കൊലപാതകം നടന്നിട്ട് പോലീസിന്റെ ഭാഗത്തു നിന്നും വേണ്ട രീതിയിലുള്ള അന്വേഷണം നടക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.