ശബരിമല: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ന്‍ ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് സൗകര്യമൊ രുക്കി. അപ്പവും അരവണയും വിതരണം ചെയ്യുന്ന നാലു കൗണ്ടറുകളില്‍ ഇതിനുള്ള സംവിധാനമുണ്ട്. സന്നിധാനത്തും മാളികപ്പുറത്തുമായി നിലവില്‍ 15 അപ്പം, അരവണ കൗണ്ടറുകളാണുള്ളത്. അപ്പം, അരവണ കൗണ്ടറിനു സമീപം പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ച് നോട്ട് മാറ്റിയെടുക്കുന്നതിന് ധനലക്ഷ്മി ബാങ്ക് സൗകര്യമൊരുക്കുന്നുണ്ട്. നടപ്പന്തലിലും ഭസ്മക്കുളത്തിന് സമീപത്തെ ബ്രാഞ്ചിലുമായി രണ്ട് എടിഎം കൗണ്ടറുകളാണ് ധനലക്ഷ്മി ബാങ്കിനുള്ളത്. പുണ്യം പൂങ്കാവനം ഓഫീസിനു സമീപം പുതിയതായി സ്ഥാപിച്ച എടിഎം കൗണ്ടര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
ഐജി ശബരിമലയില്‍ ;ഒരു ഉന്നത ഉദ്യോഗസ്ഥന്‍ 24 മണിക്കൂറും സന്നിധാനത്തോ പമ്പയിലോ ക്യാമ്പ് ചെയ്യും
ശബരിമല: ശബരിമലയിലെ സുരക്ഷയുമായി ബന്ധപ്പെട്ടു പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടംവഹിക്കാന്‍ ഐജി എത്തി. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ തീര്‍ഥാടനകാലത്തു മൂന്നുദിവസം ഇടവിട്ട് ഐജി, ഡിഐജി റാങ്കില്‍പ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ 24 മണിക്കൂറും സന്നിധാനത്തോ പമ്പയിലോ ക്യാമ്പ് ചെയ്യണമെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ മൂന്നുദിവസം കേരള പോലീസ് അക്കാദമി ഡയറക്ടര്‍റും ഐജിയുമായ മഹിപാല്‍ യാദവാണ് ക്യാമ്പ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ വിലയിരിത്തുന്നത്. ഇതിനുശേഷം ദക്ഷിണമേഖലാ ഐജി ജെ. ശ്രീജിത്തും എത്തുന്നുണ്ട്.
മൂന്നുദിവസം ഇടവിട്ട് ഡിഐജി റാങ്കില്‍ കുറയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് സന്നിധാനത്തേയും പമ്പയിലേയും ക്രമസമാധാനില, സുരക്ഷാക്രമീകരണം, തിരക്ക് നിയന്ത്രണങ്ങള്‍ മറ്റു വിഷയങ്ങള്‍ എന്നിവയുടെയെല്ലാം വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനും ഡിജിപിക്കും നല്‍കണമെന്ന പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഉത്തരവ് ഇന്നലെയാണു പുറത്തിറങ്ങിയത്.
രാജ്യത്ത് കഴിഞ്ഞയിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്നു കേന്ദ്ര-സംസ്ഥാന രഹസ്യ ഏജന്‍സികളുടെയും ഐജിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തെ തുടര്‍ന്ന് പോലീസിനു കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞദിവസം ശബരിമലയില്‍ പോലീസും കേന്ദ്രസേനയായ ആര്‍എഎഫും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ശബരിമലയില്‍ ഉണ്ടാവണമെന്ന തീരുമാനം സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുണ്ടായതെന്നും പറയപ്പെടുന്നു. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന ശ്രീകോവിലിനു ചുറ്റുനിന്നും ആര്‍എഎഫിനെ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ സേവനം ചെയ്യുന്ന ആര്‍എഎഫിലെ ചില ഉദ്യോഗസ്ഥരും പോലീസും തമ്മിലുള്ള ഈഗോയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പറയപ്പെടുന്നു. എന്നാല്‍, ആഭ്യന്തരവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും റവന്യു വകുപ്പിലെ ഐഎഎസ് റാങ്കിലുള്ള ഒരു സബ് കളക്ടറും 24 മണിക്കൂറും ശബരിമലയില്‍ ഉണ്ടാവണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ശബരിമല തീര്‍ഥാനടത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഈ വര്‍ഷം മുതല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാഷ്ട്രദീപികയോടു പറഞ്ഞു. ശബരിമലയില്‍ കേന്ദ്രസേനകള്‍ മാത്രം മതിയെന്ന ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകാതെ എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണു പോലീസ് ശബരിമലയിലും പമ്പയിലും ഒരുക്കിയിരിക്കുന്നത്. ഈ തീര്‍ഥാടനകാലം മുതല്‍ പോലീസ് ഹെല്‍പ് ലൈന്‍ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്: കെ. രാഘവന്‍
ശബരിമല: തീര്‍ഥാടകര്‍ക്ക് കുടിവെള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡംഗം കെ. രാഘവന്‍ അറിയിച്ചു. ശരംകുത്തിയില്‍ നിന്ന് ചുക്കുവെള്ളം നല്‍കുന്നതിന് സ്ഥാപിച്ച പൈപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് കെട്ടിക്കിടന്ന വെള്ളം തുറന്നുവിട്ടതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നീലിമല മുതല്‍ പാണ്ടിത്താവളം വരെ നാല്‍പ്പതോളം കൗണ്ടറിലൂടെ തിളപ്പിച്ച ചുക്കു വെള്ളവും 28 വാട്ടര്‍ സ്‌റ്റേഷനുകളിലൂടെ ശുദ്ധീകരിച്ച ജലവും 270 പൈപ്പുകളിലൂടെ ശുദ്ധീകരിച്ച തണുത്ത വെള്ളവും ദേവസ്വം ബോര്‍ഡ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മണ്ഡലകാലം : ചികില്‍സ തേടിയത് 11,743 പേര്‍
ശബരിമല:മണ്ഡലകാലം തുടങ്ങിയ ശേഷം ആരോഗ്യവകുപ്പിന്റെ പമ്പ ഗവണ്‍മെന്റ് ഡിസ്‌പെന്‍സറി, നീലിമല ഡിസ്‌പെന്‍സറി, സന്നിധാനം ഡിസ്‌പെന്‍സറി, നിലയ്ക്കല്‍ ഡിസ്‌പെന്‍സറി എന്നീ കേന്ദ്രങ്ങളിലായി ചികില്‍സ തേടിയെത്തിയത് 11743 പേര്‍. ഇതില്‍ ഒരു അയ്യപ്പന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് പമ്പയില്‍ അന്തരിച്ചു. വയനാട് അമ്പലവയല്‍ സ്വദേശി മണികണ്ഠനാണ് അന്തരിച്ചത്. പമ്പയിലെ ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയില്‍ 427 പേരാണ് ചികില്‍സ തേടിയത്. ഇതില്‍ 395 പുരുഷന്മാരും 19 വനിതകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയ്‌ക്കെത്തിയത് 89 പേരാണ്. ചികില്‍സ തേടിയതില്‍ 56 പേര്‍ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണ്.