എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളില്‍ ചെന്നു ചാടരുതെന്ന് മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനൗദ്യോഗിക നിര്‍ദ്ദേശം. കായിക മന്ത്രി ഇ.പി ജയരാജന്‍ മുഹമ്മദലിയെ മലയാളിയെന്ന രീതിയില്‍ അനുസ്മരിച്ചതും കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനോട് മോശമായി പെരുമാറിയെന്ന പരാതിയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നു.
ഇ.പിയെപ്പോലെ മുതിര്‍ന്ന നേതാവില്‍ നിന്ന് പ്രതീക്ഷിച്ച പക്വത ഈ വിഷയങ്ങളില്‍ കണ്ടില്ലെന്ന അഭിപ്രായമാണിവര്‍ക്കുള്ളത്. മുഹമ്മദലി വിഷയത്തില്‍ അബദ്ധം പറ്റിയെന്ന് പറയാമെങ്കിലും പ്രതികരിക്കുമ്പോള്‍ ശ്രദ്ധ കാട്ടാത്തതിനാല്‍ പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേട് വളരെ വലുതാണെന്ന ചിന്താഗതി തന്നെയാണ് എല്ലാവര്‍ക്കും.
ഇതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരിച്ച ട്രോളുകളിലും കമന്റുകളിലും പാര്‍ട്ടിയ്ക്ക് നേരേയും വലിയ വിമര്‍ശനം ചൊരിഞ്ഞിരുന്നു. വലിയ പ്രതീക്ഷയുമായി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുമ്പ് വിവാദങ്ങള്‍ അടിക്കടി ഉണ്ടാകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും അസ്വസ്ഥതയുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുള്ള പ്രകടനം മന്ത്രിമാരില്‍ നിന്നുണ്ടാകണമെന്ന നിര്‍ദ്ദേശം സത്യ പ്രതിജ്ഞ ചെയ്ത അധികാരമേറ്റ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ തന്നെ പിണറായി നല്‍കിയിരുന്നു.
ഘടകകക്ഷി മന്ത്രിമാരാരും വലിയ പരിക്കുണ്ടാക്കുന്ന വിവാദങ്ങളില്‍ ചെന്നു ചാടിയില്ലെങ്കിലും സിപിഎം മന്ത്രിമാര്‍ അത്ര സൂക്ഷ്മത കാണിച്ചില്ലെന്ന വിലയിരുത്തല്‍ ഉണ്ടായിട്ടുണ്ട്. നിയമസഭാ സമ്മേളനം 24ന് ആരംഭിക്കാനിരിക്കെ ഇനി വിവാദങ്ങളില്‍ ചെന്നു ചാടരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്ന കാര്യത്തിലടക്കം ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദ്ദേശം എല്ലാ മന്ത്രിമാര്‍ക്കും ഇതിനകം നല്‍കികഴിഞ്ഞു.
മന്ത്രിമാരുടെ പ്രകടനം പാര്‍ട്ടി പരിശോധിക്കുകയാണ്. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിനാണിത്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ഉണ്ടായേക്കും. ഇക്കാര്യത്തില്‍ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം കൂടി തേടാനാണ് പാര്‍ട്ടി തീരുമാനം. പരിസ്ഥിതി വിഷയത്തിലടക്കം സിപിഎം സി.പി.ഐയും തമ്മിലുണ്ടായ തര്‍ക്കം മൂച്ഛിച്ചില്ലെങ്കിലും ഇത്തരം വിഷയങ്ങളില്‍ സമീപനം സ്വീകരിക്കുമ്പോള്‍ വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ അഭിപ്രായ ഐക്യം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം ഇരുപാര്‍ട്ടികളിലും നിന്നും ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. മന്ത്രിസഭാ യോഗം തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പതിവ് വാര്‍ത്താ സമ്മേളനങ്ങള്‍ അദ്ദേഹം ഒഴിവാക്കിയികരിക്കുകയാണ്. തീരുമാനങ്ങള്‍ വാര്‍ത്താകുറിപ്പായി ഇറക്കുകയാണ് ചെയ്യുന്നത്.
എന്തിനും ഏതിനും പ്രതികരിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്യുന്ന രീതി വേണ്ടെന്ന അഭിപ്രായത്തിലാണ് അദ്ദേഹം. സിപിഎം മന്ത്രിമാരെങ്കിലും മുഖ്യമന്ത്രിയുടെ ഈ പാത പിന്തുടര്‍ന്നേക്കും. അനാവശ്യ വിവാദങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ മാധ്യമങ്ങളില്‍ നിന്ന് കൃത്യമായ അകലം കുറച്ചു നാളത്തേക്കെങ്കിലും മറ്റു മന്ത്രിമാരും സൂക്ഷിച്ചേക്കും.
തുടക്കത്തിലെ വിവാദങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനം കേന്ദ്രനേതൃത്വം ഗൗരവമായി വീക്ഷിക്കുകയാണ്. അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനം പൊതുസമൂഹത്തില്‍ വലിയ മതിപ്പുണ്ടാക്കിയെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചത് തുടക്കത്തിലെ സര്‍ക്കാരില്‍ നിന്നുണ്ടായെന്ന വിലയിരുത്തലുമുണ്ട്.