പന്തളം: കുറുന്തോട്ടയം പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പുനഃക്രമീകരിച്ച ഗതാഗതസംവിധാനത്തിന്റെ ബുദ്ധിമുട്ടുകള്‍ തന്നെ അസഹ്യമായിരിക്കെ, തലങ്ങും വിലങ്ങുമുള്ള പോലീസിന്റെ വാഹന പരിശോധന പന്തളം നിവാസികള്‍ക്ക് ദുരിതമായി. പ്രധാന റോഡില്‍ ഗതാഗതം തടഞ്ഞതോടെ ഇടറോഡുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹനയാത്രികര്‍.
ഇത് നന്നായറിയാവുന്ന പോലീസ് ഇത്തരം റോഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാത്രിയിലും മറ്റും സിവില്‍ വേഷത്തിലും പോലീസ് സംഘം പരിശോധനയ്ക്ക് ഇറങ്ങുന്നതായി പരാതിയുണ്ട്. പന്തളം കവലയിലൂടെ നിര്‍മിച്ച സമാന്തരപാതയിലും കഴിഞ്ഞ ദിവസം പോലീസ് മണിക്കൂറുകളോളം പരിശോധന നടത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമുള്ള പാതയായതിനാല്‍ ചാകര കണ്ട കണക്കെയായിരുന്നു പോലീസിന്റെ പെരുമാറ്റം. കവലയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടുവെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ മുന്നിലും പരിശോധനാ പോയിന്റാണ്.
കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളമാണ് യാത്രക്കാരെ വലച്ച് ഇവിടെ വാഹനപരിശോധന നടത്തിയത്. വലിയ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുന്ന കുളനട ടിബി കവലയിലും ഇടയ്ക്കിടെ പരിശോധകരെത്താറുണ്ട്. പാലങ്ങള്‍ക്ക് സമീപം വാഹനപരിശോധനയ്ക്ക് വിലക്കുണ്ടെങ്കിലും പന്തളം വലിയ പാലത്തില്‍ കഴിഞ്ഞ ദിവസവും വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പോലീസ് പരിശോധന നടത്തി. പ്രിന്‍സിപ്പല്‍ എസ്‌ഐയെ കൂടാതെ എസ്‌ഐ ഗ്രേഡിലുള്ള ഒമ്പത് പേരാണ് പന്തളം സ്റ്റേഷനിലുള്ളത്. ഇവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സ്റ്റേഷന്‍ പരിധിയില്‍ കൃത്യമായി നടക്കുന്നത് വാഹന പരിശോധന മാത്രമാണെന്നാണ് നാട്ടുകാരുടെ പരാതി.