ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ചിന്നാര്‍ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്രരോഗങ്ങള്‍ വര്‍ധിക്കുന്നു

KTM-GULIKAജോമി കുര്യാക്കോസ്

കോട്ടയം: ഗര്‍ഭനിരോധന ഗുളികകളുടെ അശാസ്ത്രീയമായ ഉപയോഗം മൂലം ചിന്നാര്‍ വന്യജീവി മേഖലയിലെ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നു. വന്യജീവി സങ്കേതത്തിലെ 11 കുടികളിലാണു കോട്ടയം മെഡിക്കല്‍ കോളജ് സര്‍വീസ് സെന്ററിലെ മെഡിക്കല്‍ സംഘം താമസിച്ചു ആരോഗ്യക്യാമ്പ് നടത്തിയത്. പരിശോധനയില്‍ തായന്നംകുടിയില്‍ ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങള്‍ കൂടുതലായാണു കണെ്ടത്തിയത്. കുട്ടികള്‍ ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം കൂടുതലായിരുന്നു ഈ കുടിയിലെന്നും മെഡിക്കല്‍സംഘം കണെ്ടത്തി.

ഗര്‍ഭ നിരോധന ഗുളികകളുടെ (Oral cotnraceptive tablets) അശാസ്ത്രീയമായ ഉപയോഗം മൂലമാണു കുട്ടികള്‍ ഉണ്ടാകാത്തതിനു പിന്നിലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രാഥമിക നിഗമനം.

പൊതുവഴിയില്‍നിന്നു രണ്ടു മണിക്കൂറോളം ജീപ്പു യാത്രക്കുശേഷം മൂന്നു മണിക്കൂറിലധികം ചെങ്കുത്തായ മലനിരകള്‍ കാല്‍നടയായി കയറിയാണു മെഡിക്കല്‍സംഘം ആദിവാസി കുടിയിലെത്തിയത്. ഒമ്പത് പുരകളിലായി 33 പേരാണു താമസിക്കുന്നത്. പലരും ക്യാമ്പില്‍ എത്താന്‍ വിസമ്മതിച്ചതോടെ സംഘം ഓരോരുത്തരുടെയും വീടുകളില്‍ എത്തുകയായിരുന്നു. ആര്‍ത്തവം ഒഴിവാക്കാനായി ഇത്തരം ഗുളികകള്‍ ഇവിടെ സ്ഥിരമായി ഉപയോഗിക്കുന്നതായും കണെ്ടത്തി.

ആര്‍ത്തവസമയത്ത് യുവതികളെ അവരവരുടെ വീടുകളില്‍ താമസിക്കാന്‍ അനുവദിക്കില്ല. വാലായ്മപ്പുര എന്ന ഒരു പൊതുശാലയിലാണ് ഈ കാലം അവര്‍ കഴിച്ചു കൂട്ടേണ്ടത്. അത് ഒഴിവാക്കാന്‍ വേണ്ടിയാണു മരുന്നുകള്‍ ഉപയോഗിക്കുന്നത്. 10ല്‍ അധികം സ്ത്രീകള്‍ക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളും കണെ്ടത്തി. സ്ത്രീകളിലും കുട്ടികളിലും വിളര്‍ച്ച, പോഷകാഹാര കുറവും കണെ്ടത്തിയിട്ടുണ്ട്.

ഹൃദയ സംബന്ധമായ ഗുരുതരരോഗങ്ങളുള്ള രോഗികള്‍, കാലുകളിലെ രക്തഓട്ടം കുറഞ്ഞ് ഗാംഗ്ഗ്രീന്‍ (ഒരവയവം നിര്‍ജീവമായി വ്രണം ആകുന്ന അവസ്ഥ) ആയ രോഗികള്‍, ഹൃദയത്തിന്റെ വാല്‍വ് സംബന്ധമായ രോഗമുള്ള ഒരു കുട്ടി എന്നിവരെ കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിക്കാനും സംഘം നിര്‍ദേശം നല്‍കി.

തായന്നംകുടിയിലെ ഗര്‍ഭ നിരോധന ഗുളികകളുടെ ദുരുപയോഗം തടയുക, തൈറോയ്ഡ് രോഗലക്ഷണങ്ങള്‍ കണെ്ടത്തിയ ചമ്പക്കാട് ഭാഗത്തെ കുടിവെള്ളം പരിശോധിക്കുക, അയോഡിന്‍ തുടങ്ങിയ മൂലകങ്ങളുടെ അളവ് പരിശോധിക്കുക എന്നീ നിര്‍ദേശങ്ങള്‍ മെഡിക്കല്‍സംഘം മുന്നോട്ടു വച്ചിട്ടുണ്ട്.

മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ഹരി പ്രസാദ്, ഡോ. നസ്‌നീന്‍, ഡോ. നാദിര്‍ അബ്ദുള്‍ റസാക്ക്, മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. സാം സാവിയോ, മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. മുഹമ്മദ് അസ്‌ലം, കോട്ടയം മെഡിക്കല്‍ കോളജിലെ 15 മെഡിക്കല്‍ വിദ്യാര്‍ഥികളും ചിന്നാര്‍ അങ്കന്‍വാടി അധ്യാപകര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മെഡിക്കല്‍ സര്‍വീസ് സെന്റര്‍ യൂണിറ്റിനൊപ്പം വനംവന്യജീവി വകുപ്പ് ചിന്നാര്‍ ഡിവിഷന്‍-മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം-കോട്ടയം നേച്ചര്‍ സൊസൈറ്റി-ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും ക്യാമ്പിനു നേതൃത്വം നല്‍കി.

Related posts