ഗാന്ധിസ്മരണകള്‍ ഉണര്‍ത്തുന്ന ജി.ആര്‍ മ്യൂസിയം പ്രധാന ആകര്‍ഷണം

TVM-GANDHIനെയ്യാറ്റിന്‍കര: മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും കത്തുകള്‍. കന്യാകുമാരിയില്‍ നിമജ്ജനം ചെയ്യാനായി ഗാന്ധിജിയുടെ ചിതാഭസ്മം കൊണ്ടുവന്ന കലശം. ബെനിറ്റോ മുസ്സോളിനി പകര്‍ത്തിയ ടാഗോറിന്റെ ഫോട്ടോഗ്രാഫ്. പ്രമുഖ ഗാന്ധിയനും വിദ്യാഭ്യാസ വിചക്ഷണനുമായ ദേശികോത്തമ ഡോ. ജി. രാമചന്ദ്രന്‍ സ്ഥാപിച്ച ഡോ. ജി.ആര്‍ പബ്ലിക് സ്കൂളിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചരിത്രമന്ദിരത്തിലാണ് ഈ അപൂര്‍വ കാഴ്ചകള്‍. ജി.ആര്‍ പബ്ലിക് സ്കൂളില്‍ ഇന്ന് ആരംഭിക്കുന്ന സൗത്ത് സോണ്‍ സഹോദയ കോംപ്ലക്‌സ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് ഫെസ്റ്റിവലിനെത്തുന്ന മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഈ മ്യൂസിയം വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.

1937 ജനുവരി 14 ന് നെയ്യാറ്റിന്‍കരയിലെത്തിയ മഹാത്മാ ഗാന്ധി അന്ന് ചെലവഴിച്ചത് മ്യൂസിയമായി മാറിയ ഈ വീട്ടിലാണ്. ഓടു മേഞ്ഞ മേല്‍ക്കുരയ്ക്കു താഴെ ചരിത്രസ്പര്‍ശമാര്‍ന്ന നിരവധി അധ്യായങ്ങള്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ജി.ആറിന്റെ മാതാവ് മാധവി തങ്കച്ചി ജീവിതാന്ത്യം വരേയ്ക്കും താമസിച്ചിരുന്ന വീട് അദ്ദേഹം അക്ഷയനിധിയായിട്ടാണ് കണക്കാക്കിയിരുന്നത്. ഫോട്ടോഗ്രാഫുകളാലും പുസ്തകങ്ങളാലും സമ്പന്നമായിരുന്ന മാധവിമന്ദിരം എന്ന വീട് തന്റെ കാലശേഷവും നന്നായി പരിരക്ഷിക്കപ്പെടണമെന്ന് ജി.ആറിന് നിര്‍ബന്ധമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് മാധവിമന്ദിരം ലോക്‌സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈ ഭവനം മ്യൂസിയമായി മാറ്റി. ഗാന്ധിജി താമസിച്ച മുറിയില്‍   പുസ്തകങ്ങളുടെ ഒരു കലവറ തന്നെ ദൃശ്യമാണ്. ഗാന്ധിജി രചിച്ചതും അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ടതുമായ പുസ്തകങ്ങളാണ്  ഈ മുറിയിലുള്ളത്. അമ്മയുടെ പൂജാമുറിയാണ് മ്യൂസിയത്തിലെ മറ്റൊരു ആകര്‍ഷണം. മധ്യത്തിലെ ഹാളില്‍ കുടുംബാംഗങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണാം. ഡൈനിംഗ് ഹാള്‍, വായനാമുറി എന്നിവയും ഇന്നലെകളുടെ പ്രൗഡിയോടെ സൂക്ഷിച്ചിട്ടുണ്ട്. ജി.ആറിനു പ്രാപ്തമായ പുരസ്കാരങ്ങളും ഉപഹാരങ്ങളും ജെ.എം ദത്ത നിര്‍മിച്ച ജി.ആര്‍ പ്രതിമയും മ്യൂസിയത്തിലെ പ്രദര്‍ശന സാമഗ്രികളില്‍പ്പെടുന്നു.

Related posts