അഞ്ചല്‍: ഗോവയിലേക്ക് നാടുവിട്ട അഞ്ച് വിദ്യാര്‍ഥികളേയും തിരികെ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് അഞ്ച് വിദ്യാര്‍ഥികളേയും ഏരൂരിലെ അവരവരുടെ വീടുകളിലെത്തിച്ചത്. ഗോവ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിട്ടുനല്‍കിയ വിദ്യാര്‍ഥികളെ ഇന്ന് രാവിലെ ഏഴരയോടെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന് മുന്നില്‍ ഹാജരാക്കിയശേഷം രക്ഷകര്‍ത്താക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.വിദ്യാര്‍ഥികളെ ചൈല്‍ഡ് വെല്‍ഫെയര്‍ ഫോറം ഏറ്റുവാങ്ങിയെന്ന നടപടിമാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. മറ്റുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്തമാസം ഒന്നിന് രാവിലെ 10ന് രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും ചൈല്‍ഡ് വെല്‍ഫെയര്‍ ഫോറത്തില്‍ ഹാജരാകണം.
ഏരൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ പിന്നീട് രക്ഷകര്‍ത്താക്കളും ബന്ധുക്കളും ചേര്‍ന്ന് അവരവരുടെ വീടുകളിലെത്തിക്കുകയായിരുന്നു. ഒരു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കുമൊടുവിലാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചത്. കഴിഞ്ഞമാസം 20നാണ് ഏരൂര്‍ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ഗോവയിലേക്ക് നാടുവിട്ടത്. സംഭവം നടന്ന് നാലാം ദിവസം തന്നെ ഗോവന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഗോവയിലെ ഒരു ബീച്ചില്‍ നിന്നും അഞ്ച് വിദ്യാര്‍ഥികളേയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗോവയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന് കൈമാറിയ വിദ്യാര്‍ഥികളെ നിയമത്തിന്റെ നൂലാമാലകളുടെ കുരുക്കിട്ട് അധികൃതര്‍ തടഞ്ഞുവച്ചതാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടായത്.
ഈ മാസം ഒന്നിന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ ഫോറത്തില്‍ നിന്നും വിദ്യാര്‍ഥികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയച്ചെങ്കിലും 17 വരെ ഗോവയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപടി സ്വീകരിക്കാന്‍ തയാറായില്ല. ഒരു വിദ്യാര്‍ഥിയ്ക്ക് രണ്ട് ഗോവന്‍ പോലീസിന്റെ സംരക്ഷണയോടെ മാത്രമേ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ഗണേശോല്‍സവം നടക്കുന്നതിനാല്‍ പോലീസ് സേനയില്‍ നിന്നും ആരെയും വിട്ടുകിട്ടാന്‍ കഴിയില്ലെന്നുമായിരുന്നു അദ്യം രക്ഷകര്‍ത്താക്കള്‍ക്ക് ലഭിച്ച മറുപടി.
എന്നാല്‍ ഗണേശോത്സവം കഴിഞ്ഞിട്ടും വിദ്യാര്‍ഥികളെ വിട്ടുകിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ സമീപിച്ചു. അദ്ദേഹം ഡിജിപിയുമായി വിഷയം ചര്‍ച്ചചെയ്ത് അടിയന്തിര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി ഗോവ ചൈല്‍ഡ് വെല്‍ഫെയര്‍ ഫോറത്തിലെത്താന്‍ രക്ഷകര്‍ത്താക്കള്‍ക്ക് സന്ദേശം ലഭിച്ചത്. ഗോവ ചൈല്‍ഡ് വെല്‍ഫോയര്‍ ഫോരത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്രതിരിച്ച സംഘം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് കൊല്ലത്തെത്തിയത്. തുടര്‍ന്ന് രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന് മുന്നില്‍ കുട്ടികളെ ഹാജരാക്കുകയായിരുന്നു. നാടുവിട്ട വിദ്യാര്‍ഥികള്‍ തിരികെ നാട്ടിലെത്തിയതോടെ ഒരുമാസം നീണ്ടുനിന്ന അധ്യാപകരുടേയും മറ്റ് ബന്ധുക്കളുടേയും ആശങ്കകള്‍ക്ക് വിരാമമായത്.