വൈപ്പിന്‍: പറവൂര്‍, കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ഗോശ്രീ പാലം വഴി എറണാകുളത്തേക്കും, അവിടെ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്കും പോകേണ്ട പത്തോളം ബസുകള്‍ സര്‍വീസ് നടത്താതെ കട്ടപ്പുറത്ത്. അറ്റകുറ്റപ്പണികള്‍ക്കു സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലെന്ന കാരണത്താലാണ് ഇവ സര്‍വീസ് നടത്താതതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ചില ബസുകളുടെ സര്‍വീസ് വെട്ടിച്ചുരുക്കിയിട്ടുള്ളതു സ്വകാര്യ ബസ് സര്‍വീസുകളെ സഹായിക്കാനാണെന്നു പരക്കെ ആരോപണമുയര്‍ന്നിട്ടുണ്ട്. പറവൂരില്‍ നിന്നും പുറപ്പെടുന്ന കരിമുഗള്‍, ചോറ്റാനിക്കര, എറണാകുളം ജെട്ടി, എരമല്ലൂര്‍, എറണാകുളം, പൂത്തോട്ട ബസുകളും കൊടുങ്ങല്ലൂരില്‍ നിന്നുള്ള മാള – എറണാകുളം ബസ് ഉള്‍പ്പെടെ മൂന്നു ബസുകളുമാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. ഇവയാകട്ടെ നല്ല ലാഭകരമായ രീതിയില്‍ കളക്ഷന്‍ ഉള്ള സര്‍വീകളായിരുന്നു.
സര്‍വീസ് നിര്‍ത്തിയതുമൂലം വൈപ്പിന്‍ മേഖലയിലെ യാത്രാക്ലേശം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കേരള പ്രതികരണ സമിതി സംസ്ഥാന ചെയര്‍മാന്‍ എന്‍.ജി. ശിവദാസ് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.