മുക്കം: ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഒരുമയുടെ നാളുകള്‍ക്ക് ചേന്ദമംഗല്ലൂരില്‍ ഉത്സവ പ്രതീതി തീര്‍ത്ത് ഗ്രാമീണം 2016 ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഒതയമംഗലം മഹല്ല് കമ്മറ്റി നാട്ടിലെ മതസാംസ്കാരികസാമൂഹ്യ കൂട്ടായ്മകളെ കോര്‍ത്തിണക്കിയാണ് ഗ്രാമോത്സവം 2016 സംഘടിപ്പിക്കുന്നത്. ആറ്റുപുറം മുതല്‍ പൊറ്റശ്ശേരി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഗ്രാമീണം 2016 ന്റെ ആഘോഷത്തിമിര്‍പ്പിലാണ്. ഗ്രാമോത്സവത്തിന്റെ പ്രാരംഭ മത്സരമായി ആറ്റുപുറത്ത് നെല്‍ വയലില്‍ നടന്ന ‘ചപ്പിളി ചളി പിളി’ എന്ന പരിപാടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും രണ്ടുലക്ഷത്തിലധികം പേര്‍ കാണുകയും ചെയ്തു.
സ്ത്രീകള്‍ക്കായി നടത്തിയ’പെണ്‍ഗ്രാമീണ ‘ത്തില്‍ ചൂലുകെട്ടല്‍, ഓല മെടയല്‍, പാഴ്വസ്തുക്കള്‍ കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു. ചന്ദമംഗല്ലൂരിലെ കവികളുടെയും പാട്ടെഴുത്തുകാരുടെയും സംഗമത്തില്‍ പതിനഞ്ചോളം സ്വന്തം രചനകള്‍ അവതരിപ്പിക്കപ്പെട്ടു. മംഗലശ്ശേരി മൈതാനത്ത് നടന്ന ഷൂട്ടൗട്ട് മത്സരം, ഓണത്തല്ല്, ഷട്ടില്‍ ബാഡ്മിന്റന്‍ എന്നിവയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സപ്തമ്പര്‍ 13 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മീഡിയ വണ്‍ എം 80 മൂസ ഫെയിം വിനോദ് കോവൂര്‍, വി.കുഞ്ഞന്‍ മാസ്റ്റര്‍, ഒ.പി.അബ്ദുസലാം മൗലവി, ഹരീദമോയിന്‍കുട്ടി, കെ.സുരേന്ദ്രന്‍, എന്‍.ചന്ദ്രന്‍ മാസ്റ്റര്‍ ,ലീല പുല്‍പറമ്പില്‍, കെ.ടി.ശ്രീധരന്‍, എ.അബ്ദുല്‍ ഗഫൂര്‍, പി.പി.അനില്‍കുമാര്‍, ശഫീഖ് മാടായി, കെ.പി.അഹമ്മദ് കുട്ടി, ജയശീലന്‍, ഡോ: സി.കെ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.
സപ്ലിമെന്റ് പ്രകാശനം, പ്രതിഭാ പുരസ്കാര വിതരണം,മെഡിക്കല്‍ ക്യാമ്പ് ,പാചക മത്സരം, പൂക്കള മത്സരം, വലിയകണ്ടത്തില്‍ അഹമ്മദ് ഷാസ് മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്‍റ്, എക്‌സിബിഷന്‍, ഗ്രാമച്ചന്ത, അധ്യാപക സംഗമം, പ്രശസ്ത ഗായകരായ അരുണ്‍, ആബിദ, ദൃശ്യ, അജയ് തുടങ്ങിയവര്‍ നയിക്കുന്ന ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന പരിപാടിയും നടക്കും.
സെപ്റ്റംബര്‍ 14 ന് പ്രവാസ ഗ്രാമീണം ചര്‍ച്ചാ സംഗമവും ഗ്രാമീണ ഗാനമേളയും നടക്കും. സപ്തമ്പര്‍ 15ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഒ അബ്ദുറഹ്മാന്‍,ഹമീദ് ചേന്ദമംഗല്ലൂര്‍, ഒ.അബ്ദുല്ല, സി.ടി.അബ്ദുറഹീം, ടി.പി.മുഹമ്മദ് ഷമീം, ഇ.എന്‍ അബ്ദുല്ല മൗലവി, പി.ടി. കുഞ്ഞാലി എന്നിവര്‍ സംബന്ധിക്കും. ഗ്രാമീണസദ്യ, കമ്പവലി, റഫി നൈറ്റ് എന്നിവയും നടക്കും.