കൊല്ലം: ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 12ന് നടക്കും. രാവിലെ നാലിന് ഗണപതിഹോമം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ഥന.ഒമ്പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ അഗ്നിപകരും. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നേതൃത്വം നല്‍കും.
പൊങ്കാലയുടെ ഉദ്ഘാടനം മന്ത്രി മാത്യു.ടി.തോമസ് നിര്‍വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിക്കും. 11ന് അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും.വൈകുന്നേരം അഞ്ചിന് എ.തോമസ് ചാണ്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
ക്ഷേത്ര കാര്യദര്‍ശി രാധാകൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി.ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലായി ആയിരത്തിലധികം ക്ഷേത്ര വോളണ്ടിയേഴ്‌സ് ഉണ്ടാകും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണവും നടത്തും.