യാത്രകള്‍ ഇഷ്ടമല്ലാത്ത ആരും തന്നെയുണ്ടാവില്ല ഈ ലോകത്ത്. ചിലര്‍ക്ക് ചില സ്ഥലങ്ങള്‍ കാണുമ്പോള്‍ അവിടെ വീട് വച്ചാല്‍ കൊള്ളാമെന്ന് തോന്നാറുണ്ട്. അതുപോലെതന്നെ വീട് അടച്ചിട്ട് യാത്രകള്‍ പോകുമ്പോള്‍ കള്ളന്‍ കയറുമോയെന്ന ഭയമുള്ളവരുമുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇപ്പോള്‍ ഒരു ഓസ്ട്രിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.
വോണ്‍വാഗണ്‍ എന്ന കമ്പനിയാണ് സഞ്ചരിക്കുന്ന വീടിന് രൂപം നല്‍കിയിരിക്കുന്നത്. 269 ചതുരശ്രയടി ഉള്ള വീടിന് 29 ലക്ഷം രൂപയാണ് ചെലവ്. കട്ടില്‍, ബെഡ്, മേശ, കസേര, അലമാര തുടങ്ങി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വരെയുണ്ട് ഈ വീട്ടില്‍. ചുരുക്കിപ്പറഞ്ഞാല്‍ കൈയുംവീശിവന്ന് താമസം തുടങ്ങാമെന്ന്. വാഗണിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. നാലു ചക്രങ്ങള്‍ക്ക് മുകളില്‍ വീട് നില്‍ക്കുന്നതു കൊണ്ട് എവിടേക്കുവേണമെങ്കിലും വീടുമായി സഞ്ചരിക്കാം.
പൂര്‍ണമായും തടിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദപരമായ വീടായതുകൊണ്ട് വൈദ്യുതിക്കും മറ്റുമായി സോളാര്‍ പാനലുകളാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളം റിസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനവുമുണ്ട്. 29 ലക്ഷം മുതല്‍ 67 ലക്ഷം വരെ വിലയുള്ള വീടുകളാണ് തങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു.