ചമ്പക്കുളം മൂലം വള്ളംകളി: മത്സരത്തിന് ആറ് ചുണ്ടന്‍വള്ളങ്ങള്‍; ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

alp--chambakulamമങ്കൊമ്പ്: കുട്ടനാട്ടിലെ ജലോത്സവങ്ങള്‍ക്കു ആരംഭം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിക്കുള്ള ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. ജലോത്സവപ്രേമികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആറ് ചുണ്ടന്‍വള്ളങ്ങളെ ഉള്‍പ്പെടുത്തിയാണ് ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചത്.  ഇന്നലെ വരെ ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കാന്‍ മൂന്നു വള്ളങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പുതുതായി മൂന്നു വള്ളങ്ങളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സംഘാടകസമിതിയുടെ തീരുമാനപ്രകാരം സെന്റ് ജോസഫ്, പുളിങ്കുന്ന്, ശ്രീ കാര്‍ത്തികേയന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ചുണ്ടന്റെ ഹീറ്റ്‌സ് മത്സരങ്ങളില്‍ രണ്ട് വളളങ്ങള്‍ വീതമുള്ള മൂന്നു ഹീറ്റ്‌സിലായാണ്  നടത്തുന്നത്. നെടുമുടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജലോത്സവസമിതി ചെയര്‍മാന്‍ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയാണ് ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചത്.

ജനറല്‍ കണ്‍വീനര്‍ കൂടിയായ കുട്ടനാട് തഹസീല്‍ദാര്‍ ചെറിയാന്‍ വി കോശി യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ക്യാപ്റ്റന്‍സ് ക്ലിനിക്കിനു ശേഷമായിരുന്നു ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ് നിര്‍ണയം. സ്റ്റാര്‍ട്ടിംഗിലെ പിഴവും ട്രാക്കിന്റെ അപാകതയുംമൂലം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കാതെ പോയ സാഹചര്യത്തില്‍ ഇത്തവണ ഈ സംവിധാനങ്ങള്‍ പരിഷ്കരിച്ച് കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. ചമ്പക്കുളം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം, നെടുമുടി എസ്‌ഐ റ്റി. ചന്ദ്രന്‍, പുളിങ്കുന്ന് എസ്‌ഐ എം. ജയമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts