ചരിത്രത്തിലാദ്യമായി ബ്രസീലിന് ഒളിമ്പിക് സ്വര്‍ണം

sp-brazilറിയോ ഡി ഷാനെറോ: പന്തില്‍ ഒരു മുത്തം, പിന്നെ ഒരിക്കലും മറക്കാനാവാത്ത കിക്കുമായി ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍. കോടിക്കണക്കിന് ആരാധകര്‍ക്ക് ഇതു സ്വപ്നസാഫല്യം. ബ്രസീല്‍ ഒളിമ്പിക് ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. അതും അവരുടെ ഏറ്റവും പ്രിയപ്പെട്ട താരം നെയ്മറുടെ ബൂട്ടില്‍വിരിഞ്ഞ സ്വര്‍ണമാകുമ്പോള്‍ ഇരട്ടിമധുരമായി. മുഴുവന്‍ സമയത്തും അധിക സമയത്തും മത്സരം 1-1ല്‍ നിന്നപ്പോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ബ്രസീല്‍ 5-4ന് ജര്‍മനിയെ തോല്‍പ്പിച്ചു. ബ്രസീലിന്റെ അഞ്ചു ഷോട്ടും വലയില്‍ പതിച്ചപ്പോള്‍ ജര്‍മനിയുടെ ഒരെണ്ണം പാഴായി. നേരത്തെ 26-ാം മിനിറ്റില്‍ നെയ്മറുടെ ഉജ്വല ഫ്രീകിക്ക് തന്നെയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാല്‍, 59-ാം മിനിറ്റില്‍ നായകന്‍ മാക്‌സ്മില്യന്‍ മെയറിലൂടെ ജര്‍മനി സമനില കണെ്ടത്തി.

മഞ്ഞപ്പടയുടെ ഈ ജയത്തിനു സാക്ഷിയാകാന്‍ ഗാലറിയില്‍ വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ടുമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയുടെ മുതിര്‍ന്ന ടീമില്‍നിന്നേറ്റ നാണംകെട്ട തോല്‍വിക്കു പ്രതികാരം ചെയ്യാനും നെയ്മര്‍ക്കും കൂട്ടര്‍ക്കുമായി. അന്ന് കളിച്ച പലരും രണ്ടു ടീമിലുമില്ലെങ്കിലും ജര്‍മനിയെ തോല്‍പ്പിക്കാനായത് ബ്രസീലിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീണ്ടും ആ ടീമിലുള്ള വിശ്വാസം വളര്‍ത്താനായി. ഒളിമ്പിക് സ്വര്‍ണത്തോടെ ഫിഫയുടെ എല്ലാ മത്സരങ്ങളിലെയും ചാമ്പ്യന്മാരാകാന്‍ ബ്രസീലിനായി.

ഷൂട്ടൗട്ടിലെ നിര്‍ണായകമായ അവസാന കിക്കെടുത്ത നെയ്മര്‍ സമ്മര്‍ദമേതുമില്ലാതെ വളരെ ശാന്തമായി വലയുടെ വലതു മൂലയിലേക്കു തൊടുത്തു. ഗോള്‍ നേടിയതിന്റെയും വിജയത്തിന്റെയും സന്തോഷത്താല്‍ മുട്ടില്‍ നിലത്തു വീണ നായകന്‍ നെയ്മറെ സഹതാരങ്ങള്‍ പൊതിഞ്ഞു. അങ്ങനെ ബ്രസീല്‍ കാത്തിരുന്ന ഒളിമ്പിക് സ്വര്‍ണം എന്ന കിട്ടാക്കനി സ്വന്തമാക്കി.

ഈ വിജയം ബ്രസീലിയന്‍ ജനത കാത്തിരുന്നതായിരുന്നു. ഒരു ചെറിയ കാര്യം പോലും ആഘോഷമാക്കുന്ന ആ ജനത കാത്തിരുന്ന വിജയമാണ് മാറക്കാന സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തികമാന്ദ്യം, രാഷ്ട്രീയ അസ്ഥിരത, അഴിമതി, വിവാദങ്ങള്‍, ജല മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, സിക്ക വൈറസിന്റെ ഭീഷണി അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കു നെയ്മറിന്റെ ഒറ്റകിക്കിലൂടെ തത്കാലത്തേക്കെങ്കിലും മറക്കാനാകും.

സ്വര്‍ണമെഡല്‍ കഴുത്തില്‍ അണിഞ്ഞ് സന്തോഷാശ്രു പൊഴിക്കുന്ന താരങ്ങള്‍ക്കൊപ്പം മാറക്കാനയില്‍ നിറഞ്ഞ ആരാധകരുടെ കണ്ണുകളിലൂടെയും കണ്ണീര്‍ ഒഴുകി. ഗ്രൗണ്ടില്‍ മുഴുങ്ങിയ ബ്രസീലിയന്‍ ദേശീയ ഗാനത്തോടോപ്പം മാറക്കാന സ്റ്റേഡിയം മുഴുവന്‍ ചേര്‍ന്നു.

ലോകകപ്പ് സെമിയിലെ ജര്‍മനിയുടെ സീനിയര്‍ ടീമില്‍നിന്നേറ്റ 7-1ന്റെ തോല്‍വി, അതിനുശേഷം കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. പിന്നീട് ഈ വര്‍ഷം നടന്ന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലേ തന്നെ പുറത്താകല്‍ എന്നീ പരാജയങ്ങളില്‍ തീര്‍ത്തും തകര്‍ന്ന അവസ്ഥയിലായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍. ഒളിമ്പിക്‌സിലെത്തിയപ്പോള്‍ ഗ്രൂപ്പിലെ ആദ്യമത്സരങ്ങളില്‍ ഗോള്‍ നേടാന്‍ കാനറികള്‍ ബുദ്ധിമുട്ടി. തുടരുന്ന തിരിച്ചടികള്‍ തന്നെയാണ് ബ്രസീല്‍ നേരിട്ടത്. ഒളിമ്പിക്‌സിലെ ടീമിന്റെ പ്രകടനം കണ്ട് ആരാധകര്‍ ആ ടീമിനെ കൂവി കളിയാക്കി. എന്നാല്‍, ഗ്രൂപ്പിലെ അവസാന മത്സരം മുതല്‍ ബ്രസീല്‍ ടീം യഥാര്‍ഥ ഫോമിലേക്കു കടന്നു. നെയ്മറിന്റെ നേതൃത്വത്തിലുള്ള യുവനിര അവരുടെ താളം വീണെ്ടടുക്കുകയും ചെയ്തു.

ജര്‍മനിയുടെ ടീമും വളരെ മികച്ചതായിരുന്നു. യുവാക്കളുടെ ടീം ഫൈനലില്‍ ബ്രസീലിനെതിരേ ശരിക്കും ബുദ്ധിമുട്ടിച്ചു. കൗണ്ടര്‍ അറ്റാക്കിംഗ് അവരുടെ മികച്ച ആയുധമായിരുന്നു. ആദ്യ പകുതിയില്‍ ജര്‍മനിയുടെ മൂന്നു ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടി പുറത്തു പോവുകയും ചെയ്തു. എന്നാല്‍, 26-ാം മിനിറ്റില്‍ സ്റ്റേഡിയം കാത്തിരുന്ന നിമിഷമെത്തി. ബോക്‌സിന്റെ ഇടതുമൂലയില്‍നിന്നു തൊടുത്ത മികച്ചൊരു ഫ്രീകിക്ക് വലയിലാക്കി നെയ്മര്‍ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. ആദ്യ പകുതി ബ്രസീലിന്റെ ലീഡില്‍ പൂര്‍ത്തിയായി. 59-ാം മിനിറ്റില്‍ ജര്‍മന്‍ നായകന്‍ മാക്‌സ്മില്യന്‍ മെയര്‍ സമനില കണെ്ടത്തി.

നെയ്മറിന്റെ നേതൃത്വത്തില്‍ ബ്രസീല്‍ മികച്ച അവസരങ്ങള്‍ ഒരുക്കിയെങ്കിലും ജര്‍മന്‍ പ്രതിരോധം കെട്ടിയ ശക്തമായ കോട്ട തകര്‍ക്കാനായില്ല. കൗണ്ടര്‍ അറ്റാക്കിംഗിന്റെ തുടര്‍ച്ചയായിരുന്നു ജര്‍മനി നേടിയ ഗോള്‍. രണ്ടാം പകുതിയില്‍ ബ്രസീല്‍ തുടര്‍ച്ചയായി ജര്‍മന്‍ വല ലക്ഷ്യം വച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ ബര്‍ബോസ, ലുവാന്‍ തുടങ്ങിയ ഭാവി താരങ്ങളുടെ മികവും ശ്രദ്ധേയമായി. ഇവരുടെ പന്തടക്കവും ഡ്രിബ്‌ളിംഗും അനുപമമായിരുന്നു. ഗോളകന്നു നിന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. ഇവിടെയും ബ്രസീലിനായിരുന്നു ആധിപത്യം. എന്നാല്‍, ഗോള്‍ മാത്രം വന്നില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടന്നു. ഇരുടീമും ഒപ്പത്തിനൊപ്പം സ്‌കോര്‍ ചെയ്തു. ജര്‍മനിയുടെ അഞ്ചാം കിക്കെടുക്കാനെത്തിയ നില്‍സ് പീറ്റേഴ്‌സന്റെ കിക്ക് ഗോള്‍കീപ്പര്‍ വെവേര്‍ടണ്‍ തടഞ്ഞു. നിര്‍ണായക കിക്കെടുക്കാനെത്തിയ നെയ്മര്‍ ഒരു അങ്കലാപ്പുമില്ലാതെ പന്ത് വലയിലെത്തിച്ചു.

Related posts