ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞ പാങ്ങോടു ചിറ’ശുദ്ധജലതടാകം ശ്രദ്ധേയം

KLM-THADAKOMപി.എ പദ്മകുമാര്‍
കൊട്ടാരക്കര: ജില്ലയിലെ പ്രമുഖ ശുദ്ധജല തടാകങ്ങളിലൊന്നാണ് പാങ്ങോടുചിറ. തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇടം തേടിയിട്ടുളള ഈ ചിറ ഐതീഹ്യപെരുമയിലും പുകള്‍പെറ്റതാണ്. കൊട്ടാരക്കര- ശാസ്താംകോട്ട റോഡരികില്‍ പുത്തൂര്‍ പാങ്ങോട്ടാണ് ഈ ചിറ സ്ഥിതി ചെയ്യുന്നത്. പാങ്ങോടു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനു ബന്ധിച്ച് രണ്ടു ഹെക്ടറിലധികം സ്ഥലത്തായി ഈ ശുദ്ധജല തടാകം വ്യാപിച്ചു കിടക്കുന്നു. ആധുനികവല്‍ക്കരണങ്ങളും കയ്യേറ്റങ്ങളും കുറവായ ഈ ചിറ തെളിനീരിന്റെ അക്ഷയഖനിയാണ്. സാധാരണ ചിറകളും കുളങ്ങളും ഏലാകള്‍ക്കും സമതലങ്ങള്‍ക്കും താഴെയാണ് രൂപപ്പെടുന്നതെങ്കില്‍ ഈ ചിറ രൂപപ്പെട്ടിട്ടുളളത് പാങ്ങോട്ട് തെക്കേ ഏലാക്കും മുകളിലായിട്ടാണ്. മുനഷ്യര്‍ ദിവ്യമായി കരുതുന്ന നീലക്കൊടു വേലിയും മഞ്ഞച്ചേരയും ചിറയില്‍ അധിവസിച്ചു വരുന്നതായാണ് ഐതീഹ്യം.

അമരത്വം നല്‍കുന്ന ദിവ്യ ഔഷധമാണ് നീലക്കൊടുവേലി. മഞ്ഞച്ചേരയുടേത് പുണ്യദര്‍ശനവും. ആരും കണ്ടിട്ടില്ലെങ്കിലും ഇവരണ്ടും ഈ ചിറയില്‍ അധിവസിച്ചുവരുന്നതായാണ് നൂറ്റാണ്ടുകളായുളള വിശ്വാസം. ചിറയുടെ ആഴം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ചിറയുടെ ഒത്ത നടുക്ക് ഒരു കിണറുളളതായി തലമുറകളായി പറഞ്ഞു വരുന്നുണ്ട്. തിരുവിതാംകൂര്‍ സ്ഥാപകന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ള ഈ ചിറ തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗമാണ്. എട്ടുവീട്ടില്‍പിള്ളമാരെ ഭയന്ന് പലായനം ചെയ്ത കൗമാരക്കാരനായ മാര്‍ത്താണ്ഡവര്‍മ കൊട്ടാരക്കര വഴി പാങ്ങോട്ട് എത്തിച്ചേര്‍ന്നു. ഇവിടുത്ത സ്ഥാനീയരായ കുഴിക്കല്‍ കുടുംബം മാര്‍ത്താണ്ഡവര്‍മയ്ക്ക് അഭയം നല്‍കി.

ഒരുദിവസം ഇവിടെ കഴിഞ്ഞുകൂടിയ മാര്‍ത്താണ്ഡവര്‍മയെ രാത്രിയില്‍ കുന്നത്തൂരിലെ കല്ലടയാറിന് കുറുകെയുണ്ടായിരുന്ന കല്‍പ്പാലം വഴി അക്കരകടത്തി രക്ഷപെടുത്തി. മാര്‍ത്താണ്ഡവര്‍മ മറുകരയെത്തിയതിനുശേഷം കല്‍പ്പാലം തകര്‍ക്കുകയും ചെയ്തു. പിന്നാലെ എത്തിയ എട്ടു വീട്ടില്‍ പിളളമാര്‍ക്ക് ഇതുമൂലം മാര്‍ത്താണ്ഡവര്‍മ്മയെ പിടികൂടാന്‍ കഴിഞ്ഞില്ല. ആറിന്റെ മറുകര കായംകുളം രാജ്യമായതിനാല്‍ എട്ടുവീട്ടില്‍ പിളളമാര്‍ക്ക് അവിടെ പ്രവേശിക്കുവാനും കഴിയുമായിരുന്നില്ല. അന്ന് തകര്‍ത്ത കല്‍പാലത്തിന്റെ അവശിഷ്ടങ്ങള്‍ ആറ്റില്‍ നീരൊഴുക്കു താഴുമ്പോള്‍ ഇപ്പോഴും കാണാന്‍ കഴിയും .

പിന്നീട് ശത്രുക്കളെ പരാജയപ്പെടുത്തി അധികാരത്തില്‍ തിരിച്ചു വന്ന മാര്‍ത്താണ്ഡവര്‍മ്മതന്നെ സഹായിച്ചവരെയൊന്നും വിസ്മരിച്ചില്ല. പാങ്ങോട്ടും പരിസര പ്രദേശങ്ങളിലുമുളള ആറുകരകളും നാലുക്ഷേത്രങ്ങളും ചേര്‍ത്ത് കുഴിക്കല്‍ ഇടവക രൂപീകരിക്കുകയും കരം പിരിക്കുന്നതുള്‍പ്പെടെയുളള പരമാവധികാരങ്ങള്‍ കുഴിക്കല്‍ കുടുംബത്തിനു നല്‍കുകയും ചെയ്തു. പാങ്ങോടു ചിറയുടെ സംരക്ഷണത്തിനും അദ്ദേഹം നടപടികള്‍ സ്വീകരിച്ചു. ചിറശുദ്ധീകരിക്കുകയും വശങ്ങള്‍  വെട്ടുകല്ലുപാകി സംരക്ഷിക്കുകയുമുണ്ടായി. മലിനജലം ഒഴുകിപ്പോകാന്‍ ഓടകളും നിര്‍മ്മിച്ചു. പാങ്ങോടു ചിറയിലെ ശുദ്ധജലത്തിന്റെ ഖ്യാതികാലാന്തരങ്ങള്‍ക്കുമുമ്പുതന്നെ ദേശങ്ങള്‍കടന്നിരുന്നു.

അമ്പലപ്പുഴയില്‍ പാല്‍പ്പായസം നിര്‍മ്മിക്കുന്നതിനും തിരുവനന്തപുരത്ത് മുറജപത്തിനും ഇവിടെനിന്നും വെളളം കൊണ്ടുപോയിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ട്. കാളവണ്ടികളില്‍ വീപ്പകളില്‍ നിറച്ചായിരുന്നു അന്ന് വെളളം കൊണ്ടു പോയിരുന്നതത്രേ. ജനകീയ ഭരണത്തില്‍ ചിറകളും കുളങ്ങളുമെല്ലാം നാശോന്മുഖമായിക്കൊണ്ടിരിക്കുമ്പോഴും പാങ്ങോട് ചിറ അതിന്റെ തനിമ നില നിര്‍ത്തുന്നുണ്ട്. പണം ചിലവഴിക്കാനുളള ആധുനിക വല്‍കരണം അത്രയൊന്നും കടന്നു വന്നിട്ടില്ല. കുഴിക്കല്‍ ഇടവകയിലെ ക്ഷേത്രങ്ങളുടെയും സ്വത്തിന്റെയും ഉടമസ്ഥത ഇപ്പോള്‍ ജനകീയ സമിതിക്കാണ്. പാങ്ങോട് ചിറയുടെ സംരക്ഷണവും ഈ സമിതിക്കുതന്നെ.

Related posts