ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് കൊല്ലത്തുകാരുടെ പാട്ട്! കലാഭവന്‍ മണിയുടെ ആഗ്രഹം സഫലമാക്കാന്‍ കൊല്ലത്തുകാര്‍; പിന്നില്‍ ആരാധകരും സുഹൃത്തുക്കളും

CHALAKKUDI040916കൊല്ലം: നടനും മിമിക്രി കലാകാരനുമായ അന്തരിച്ച കലാഭവന്‍ മണിക്ക് കൊല്ലത്തെ കൂട്ടുകാരുടെ സ്‌നേഹോപഹാരമായി ഒരുപിടി ഗാനങ്ങള്‍ അടങ്ങുന്ന ഓഡിയോ കാസറ്റ്. ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് കൊല്ലത്തുകാരുടെ പാട്ട് എന്നാണ് കാസെറ്റിന് പേരിട്ടിട്ടുള്ളത്. ഇതിന്റെ പ്രകാശനം കൊല്ലം മുണ്ടയ്ക്കല്‍ പുവര്‍ ഹോമില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.രാജേന്ദ്രബാബു, സ്‌പെഷല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍, മിമിക്രിതാരം കൊല്ലം സിറാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

എട്ട് ഗാനങ്ങളാണ് കാസെറ്റില്‍ ഉള്ളത്. വരികളും സംഗീതവും മണിയോടൊപ്പം നിരവധി വര്‍ഷം മിമിക്രി വേദികള്‍ പങ്കിട്ട കൊല്ലം അനിലിന്റേതാണ്. സംവിധാനം നന്ദകുമാറും നിര്‍മാണം പി.എ.രമ്യയുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഗള്‍ഫിലുള്ള കൊല്ലം സ്വദേശികളായ മണിയുടെ ആരാധകരും സുഹൃത്തുക്കളുമാണ് കാസെറ്റ് നിര്‍മാണവുമായി സഹകരിച്ചത്.

കൊല്ലം ജില്ലയില്‍ ഉടനീളം റോഡ്‌ഷോയിലൂടെ മിമിക്രി, ഓട്ടന്‍ തുള്ളല്‍ എന്നിവ അവതരിപ്പിച്ച് കാസെറ്റ് വില്‍പ്പന നടത്താനാണ് തീരുമാനമെന്ന് കൊല്ലം അനില്‍ പറഞ്ഞു. റോഡ്‌ഷോ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചുങ്കത്ത് ജുവലറി മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോളാണ്. കലാഭവന്‍ മണിയുടെ ദൗത്യം ഏറ്റെടുത്താണ് റോഡ്‌ഷോ നടത്തുന്നത്. കൊല്ലം മുണ്ടയ്ക്കല്‍ പുവര്‍ ഹോമിലെ അന്തേവാസികളെ സഹായിക്കാന്‍ കൊല്ലത്ത് മെഗാഷോ നടത്താന്‍ കലാഭവന്‍ മണി ആഗ്രഹിച്ചിരുന്നു.

പക്ഷേ ഈ ആഗ്രഹം സഫലമാക്കാനാകാതെ മണി നമ്മെ വിട്ടുപിരിഞ്ഞു. ഈ ആഗ്രഹം പ്രാവര്‍ത്തികമാക്കാനാണ് റോഡ്‌ഷോ നടത്തുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊല്ലം പുവര്‍ഹോമിലെ അന്തേവാസികളുടെ ആരോഗ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും കൊല്ലം അനില്‍ വ്യക്തമാക്കി.

Related posts