അഞ്ചല്‍: ചിതറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറച്ചിവേസ്റ്റ് നിക്ഷേപത്തിന് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തെരുവുനായ ശല്യം വര്‍ധിച്ചു. കഴിഞ്ഞദിവസം രാത്രി ചിതറ ഭജനമഠം മംഗലപ്പള്ളി കൊച്ചുമുളങ്കാട് വീട്ടില്‍ അബ്ദുള്‍സലാമിന്റെ ആടിനെ തെരുവുനായ്ക്കല്‍ കടിച്ചുകൊന്നിരുന്നു. ഒരാഴ്ച മുമ്പ് പ്രസവിച്ച ആടിനെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് കെട്ടിയിരുന്നത്. മൂന്നു ആട്ടിന്‍കുട്ടികളെ സമീപത്തെ മുറിയില്‍ അടച്ചിട്ടിരുന്നതിനാലാണ് അവയ്ക്കുനേരെ നായശല്യം ഉണ്ടാകാതിരുന്നത്.
ബഹളംകേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ആടിനെ കൊന്ന് പകുതിയോളം മാംസം തെരുവുനായ്ക്കള്‍ ഭക്ഷിച്ചിരുന്നു. പ്രദേശത്ത് അറവുമാലിന്യം നിക്ഷേപിക്കുന്നതാണ് തെരുവുനായശല്യത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പോലീസും, ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും സംയുക്തമായി കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലെ അനധികൃത അറവുശാലകളില്‍ പരിശോധന നടത്തി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതുമൂലം രാത്രികാലങ്ങളില്‍ ഇറച്ചിമാലിന്യം പ്രദേശത്ത് വലിച്ചെറിയുന്നതിനാലാണ് തെരുവുനായശല്യവും വര്‍ധിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.