ചിത്രമെടുക്കാനായി മൃഗങ്ങളെ ദ്രോഹിക്കുന്ന പ്രവണത അടുത്തകാലത്ത് വര്‍ധിച്ചുവരുകയാണല്ലോ. ലോകശ്രദ്ധ നേടിയ ഇത്തരം വാര്‍ത്തകളുടെ ഒടുവിലത്തെ ഇര ഒരു സ്രാവാണ്. ഫ്‌ളോറിഡയിലാണ് സംഭവം. അവിചാരിതമായി തിരമാലകള്‍ക്കൊപ്പം കരയ്ക്കടിഞ്ഞ സ്രാവ് തിരികെ കടലിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി വന്ന ഒരാള്‍ അതിനെ കരയിലേക്ക് വലിച്ചു കയറ്റുകയും മണലില്‍ അമര്‍ത്തിപ്പിടിച്ച് ഫോട്ടോ എടുക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ചില പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ചിത്രമെടുത്തശേഷം സ്രാവിനെ പോകാന്‍ അനുവദിക്കാത്ത അയാളെ തള്ളിമാറ്റി മറ്റൊരാള്‍ അതിനെ കടലിലേക്ക് ഇറക്കിവിടുന്നത് വീഡിയോയില്‍ കാണാം. അടുത്ത തിര കരയിലേക്കടിച്ചപ്പോള്‍ അതിനൊപ്പം സ്രാവ് വീണ്ടും കരയ്ക്കടിയുന്നതു കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ഏറ്റവുമൊടുവില്‍ സ്രാവിന് എന്തു സംഭവിച്ചെന്ന് അറിവില്ല.