ചിറ്റൂര്‍ താലൂക്കില്‍ ഇഞ്ചികൃഷി വ്യാപകം: ആശങ്ക വിട്ടുമാറാതെ പ്രദേശവാസികള്‍

PKD-GINGERചിറ്റൂര്‍: ചിറ്റൂര്‍ താലൂക്കില്‍ ഇഞ്ചികൃഷി വ്യാപിക്കുന്നതില്‍ ആശങ്ക.  ഇഞ്ചികൃഷിക്ക് വീര്യം കൂടിയ എന്‍ഡോ സള്‍ഫാന്‍, കരാട്ടെ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം  കുടിവെള്ളസ്രോതസുകള്‍, കൊക്കര്‍ണികള്‍, മറ്റു ജലാശങ്ങള്‍ എന്നിവ മലിനമാകുകയാണ്. താലൂക്കില്‍ ഇഞ്ചികൃഷി തുടങ്ങിയതുമുതല്‍ അര്‍ബുദവും മറ്റു മാരകരോഗങ്ങളും പിടിപെടുന്നവരുടെ എണ്ണം പെരുകകുയാണ്. പടിഞ്ഞാറന്‍ ജില്ലകളില്‍നിന്നും വരുന്ന ഇഞ്ചി കര്‍ഷകരാണ് സാമ്പത്തിക ദുരിതത്തിലായ കര്‍ഷകരെ അന്വേഷിച്ചു കണ്ടെത്തി ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത്. ജനവാസകേന്ദ്രത്തിനുസമീപം ഇഞ്ചികൃഷി നടത്തുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തതോടെയാണ് തമിഴ്‌നാടിനോടു ചേര്‍ന്ന ചിറ്റൂര്‍ താലൂക്കില്‍ ഇവര്‍ പിടിമുറുക്കിയിരിക്കുന്നത്.തമിഴ്‌നാട്ടില്‍ എന്‍ഡോസള്‍ഫന്‍ ഉള്‍പ്പെടെ വീര്യംകൂടിയ കീടനാശിനി വില്പന നടത്താന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്.

ഇതുമൂലം  പൊള്ളാച്ചിയില്‍നിന്നും കാനുകളിലാക്കിയാണ് ഇവ താലൂക്കില്‍ എത്തിക്കുന്നത്. വീര്യം കൂടിയ കീടനാശിനിയാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനാണ് കാനുകളില്‍ കൊണ്ടുവരുന്നത്. നിലവില്‍ എന്‍ഡോ സള്‍ഫാന്‍ പ്രയോഗം മാവുകൃഷിക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മുതലമടയില്‍ നടന്ന എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 65-ഓളം കുട്ടികള്‍ അംഗവൈകല്യം, തലവീക്കം, മറ്റിതര രോഗങ്ങളുമായി എത്തിയിരുന്നു.തൃശൂര്‍ മെഡിക്കല്‍ കോളജിലെ അഞ്ചു വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ക്യാമ്പില്‍ പരിശോധന നടത്തിയത്. കാസര്‍കോട്ട് രോഗബാധിതര്‍ക്ക് ഏറെ സഹായങ്ങള്‍ നല്കുണ്ടെങ്കിലും പാലക്കാട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായങ്ങളൊന്നും ലഭിക്കാത്തത് സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.കര്‍ഷകതൊഴിലാളികള്‍, പട്ടികജാതി, ആദിവാസി കുടുംബങ്ങളും മലയോര കുടിയേറ്റ കുടുംബങ്ങളിലുമുള്ളവരാണ് കൂടുതലായും പ്രദേശത്ത് താമസിക്കുന്നത്.

ഇവരുടെ കുട്ടികളില്‍ രോഗബാധയുണ്ടായാല്‍ സ്വന്തം ചെലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് ചികിത്സ നടത്തുന്നത്. രോഗബാധിതര്‍ക്ക് പ്രതിമാസം എണ്ണുറൂരൂപ ധനസഹായം മാത്രമാണ് ലഭിക്കുന്നതത്രേ.മാസത്തിലൊരിക്കല്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കുപോയി തിരിച്ചുവരുന്നതിന് ആയിരത്തിലേറെ രൂപ ചെലവാകും.   പടിഞ്ഞാറന്‍ ജില്ലകളില്‍നിന്നും ഇഞ്ചികൃഷി നടത്താന്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത സഹായിക്കാന്‍ ഇടനിലക്കാര്‍ മത്സരിക്കുകയാണ്. ഇവര്‍ക്കു നല്ല പ്രതിഫലമാണ് ലഭിക്കുന്നത്. മുമ്പ് ഏക്കറിന് 20,000 രൂപയാണ് കര്‍ഷകര്‍ക്കു നല്കിയിരുന്നത്. ഇപ്പോഴിത് 25000 രൂപ വരെയായി.കാര്‍ഷികവായ്പയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വാങ്ങിയ വായ്പയും തിരിച്ചടയ്ക്കാനാകാതെ കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരാണ് ഇഞ്ചികര്‍ഷകര്‍ക്കു പാടം പാട്ടത്തിനു നല്കി താത്കാലിക നേട്ടമുണ്ടാക്കുന്നത്.

നെല്‍കൃഷി സമൃദ്ധമായിരുന്ന ചിറ്റൂരില്‍ വീണ്ടും ഈ മേഖലയിലേക്ക് കര്‍ഷകര്‍ തിരിച്ചുവരാന്‍ ഉതകുന്ന സര്‍ക്കാരിന്റെ സഹായനടപടികള്‍ ഉണ്ടാകാത്തതും ഇഞ്ചി കൃഷി വര്‍ധിക്കാന്‍ കാരണമാകുകയാണ്.വരുംതലമുറയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ വീര്യം കൂടിയ കീടനാശിനി പ്രയോഗം നിയമവ്യവസ്ഥകളിലൂടെ തടയാന്‍ ഭരണകൂടം നടപടിയെടുക്കാത്തതാണ്  ജനങ്ങളെ ഭീതിയിലാക്കുകയാണ്.ഭൂഗര്‍ഭ ജലചൂഷണം നടത്തുന്നതിന്റെ പേരില്‍ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ച ചിറ്റൂരില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരഭീഷണി ഉയര്‍ത്തുന്ന കീടനാശിനി പ്രയോഗം തടയാന്‍ ജൈവ കര്‍ഷകരെയും നാട്ടുകാരെയും മുന്‍നിര്‍ത്തി ശക്തമായ സമരപരിപാടികള്‍ക്കു രൂപം നല്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.

Related posts