തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. എല്ലാ ജില്ലകളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഇതിനായി 13 കോടി രൂപ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും.
സൂര്യാഘാതമേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കും. വരള്‍ച്ച, സൂര്യാഘാതം എന്നിവയെ പ്രതിരോധിക്കാന്‍ എല്ലാ ജില്ലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടിവെള്ള വിതരണത്തിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് 13 കോടിയില്‍പരം രൂപ അനുവദിച്ചിട്ടുണ്ട്.
വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന് പ്രഖ്യാപിക്കുന്നതിന് നിലവിലുള്ള മാനദണ്ഡത്തില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും, കേന്ദ്രആഭ്യന്തരമന്ത്രിക്കും, കൃഷിമന്ത്രിക്കും കത്തയക്കും. കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകളിലാണ് വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. കാസര്‍കോട് ഉപ്പ് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആര്‍ഓ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വികരിക്കും. കൂടുതല്‍ കുഴല്‍കിണറുകള്‍ നിര്‍മ്മിക്കാന്‍ ആറ്് ജില്ലകളില്‍ നിന്നുള്ള ജിയോളജിസ്റ്റുകള്‍ നാളെ കാസര്‍കോട് എത്തും. കൊല്ലം, ചവറ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി തെന്മല ഡാമില്‍ നിന്നും വെള്ളമെത്തിക്കും.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള കനാലുകള്‍ തുറന്ന് വിടുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കും. മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം കുടിവെള്ള വിതരണത്തിന് മാത്രമായി വിനിയോഗിക്കാന്‍ നിര്‍ദേശം നല്കി. കന്നുകാലികളുടെ സംരക്ഷണത്തിനായി മരുന്നുകള്‍ വാങ്ങുന്നതിന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വരള്‍ച്ചാ ദുരിത ബാധിത അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. യോഗത്തില്‍ ആഭ്യന്തരമന്ത്രി, റവന്യു സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.