റാന്നി: ചെമ്പന്മുടിമലയിലെ പാറമട വിഷയത്തില്‍ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനം കോടതിക്ക് സമര്‍പ്പിക്കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഗ്രാമസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സുപ്രിം കോടതിക്കു പോലും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെമ്പന്മുടിമലയിലെ മണിമലേത്ത് പാറമടയ്ക്ക് ലൈസന്‍സ് നല്‍കാനുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കമ്മിറ്റി നീക്കത്തിനെതിരെ സമരസമിതി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ ഒരു കോടതിക്കും നിയമസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മണ്ണും ജലവും വായുവും കണ്ണിലെ കൃഷ്ണമിപോലെ കാത്തുസൂക്ഷിക്കേണ്ടതാണ്. ചെമ്പന്മുടിമലയില് പാറമട വേണ്ടെന്നതാണ് സര്‍വ രാഷ്ട്രീയ കക്ഷികളുടെയും നിലപാടെന്നും പറയുന്നു. സിപിഎം നാറാണംമൂഴി ലോക്കല്‍ കമ്മിറ്റിയും കോണ്‍ഗ്രസും ബിജെപിയും ഇതേ നിലപാടുകാരാണെന്നു പറയുമ്പോള്‍ പിന്നെ ആര്‍ക്കാണ് പാറമട വേണ്ടതെന്ന് വ്യക്തമാക്കണം. സമ്പന്നരായ പാറമട ഉടമകളെ സഹായിക്കാനുള്ള തീരുമാനം പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളരുതെന്നും പരിസ്ഥിതി പ്രശ്നങ്ങളും രോഗഭീഷണിയുംമൂലം ജനം പ്രതിസന്ധിയിലായിരിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മുന്‍ പഞ്ചായത്ത് കമ്മിറ്റി കൊടുത്ത രേഖകള്‍ പ്രകാരമാണ് കോടതി പാറമടയ്ക്ക് ലൈസന്‍സ് കൊടുക്കണമെന്ന നിലപാടെടുത്തതെന്നാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ വാദം. അവരുടെ നീക്കത്തില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് സ്പെഷല്‍ ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് ജനാഭിപ്രായം കോടതിയെ ബോധിപ്പിക്കണം. സ്ഥലം എംഎല്‍എ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഗ്രാമസഭ നടത്തണം. ജനതീരുമാനം മറികടന്ന് ഒരു കഷണം പാറ പോലും പൊട്ടിക്കാനോ കൊണ്ടുപോകാനോ അനുവദിക്കരുതെന്നും മറിച്ചുള്ള തീരുമാനത്തിനെതിരെ ഗാന്ധിയന്‍ സമരമാര്‍ഗം സ്വീകരിക്കുകയാണ് വേണ്ടതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.