മങ്കൊമ്പ്: ചെറുവാഹനങ്ങളുടെ ലഭ്യതക്കുറവിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ നെല്ലു സംഭരണം മന്ദഗതിയില്‍. മുട്ടാര്‍ കൃഷിഭവനു കീഴില്‍ വരുന്ന പാടശേഖരങ്ങളെയാണു ചെറുവാഹനങ്ങളുടെ അഭാവം ഏറെ ബാധിച്ചിരിക്കുന്നത്. മുട്ടാര്‍ ചേരിക്കലകം പാടശേഖരത്തിലെ നെല്ല് അഞ്ചു ദിവസത്തിലേറെയായി സംഭരിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. ഇതിനുപുറമെ താനത്ത് മുട്ടാര്‍, മുളവനക്കരി എന്നീ പാടശേഖരങ്ങളിലും നെല്ല് സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നുണ്ട്. വേനല്‍മഴ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഭരണം നടത്താനാകാതെ നെല്ല് പാടത്തു കെട്ടിക്കിടക്കുന്നതു കര്‍ഷകരെ ആശങ്കാകുലരാക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലുള്ള നെല്ലുസംഭരണമാണ് കൂടുതലായും സംഭരണത്തിനായി ചെറുവാഹനങ്ങളെ ആശ്രയിക്കുന്നത്.
പ്രധാന റോഡുകളില്‍ നിന്നും ഏറെ അകലെയുള്ള പാടശേഖരങ്ങളിലേക്ക് ഇടുങ്ങിയ റോഡുകളാണുള്ളത്. വലിയ ലോറികള്‍ കയറിച്ചെല്ലാനാകാത്തതുമൂലം ഇവിടെ ചെറുവാഹനങ്ങള്‍ മാത്രമാണാശ്രയം. കര്‍ഷകരും മില്ലുടമകളും നിരന്തരം അന്വേഷണം നടത്തിയിട്ടും ഇത്തരം വാഹനങ്ങള്‍ കിട്ടാനില്ല. അഞ്ചേക്കര്‍വരെ സ്വന്തമായുള്ള കര്‍ഷകരും കൂട്ടത്തിലുണ്ട്. നെല്ലു സംഭരണത്തിനായി കുട്ടനാട്ടില്‍ മാത്രം ചെറുതും വലുതുമായി മുന്നൂറോളം വാഹനങ്ങളാണ് ആവശ്യമുള്ളത്. എന്നാല്‍ നിലവില്‍ 200ഓളം വാഹനങ്ങള്‍ മാത്രമാണ് സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വലിയ ലോറികളാണ്. സപ്ലൈകോയുടെ കണക്കനുസരിച്ച് ഇതുവരെ 51,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളത്.