ചെല്‍സിയെ പിഎസ്ജി മുക്കി

SP-CHELSIലണ്ടന്‍/സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: പ്രീമിയര്‍ ലീഗില്‍ തോല്‍വിയില്‍നിന്നു തോല്‍വിയിലേക്കു കൂപ്പുകുത്തുന്ന ചെല്‍സിക്ക് ആശ്വാസമായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ മുന്നേറ്റം. എന്നാല്‍, ആ പ്രതീക്ഷയും അസ്തമിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫ്രഞ്ച് ടീം പാരീ സാന്‍ ഷര്‍മെയ്‌നോട് തോറ്റു പുറത്തായി. പിഎസ്ജി ക്വാര്‍ട്ടറില്‍. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ പിഎസ്ജി 2-1നാണ് ജയിച്ചത്്. ആദ്യപാദത്തിലും പിഎസ്ജി ഇതേ ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചിരുന്നു. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 4-2ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ് അവസാന എട്ടില്‍ ഇടംപിടിച്ചത്.

സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രഹാമോവിച്ചാണ് ചെല്‍സിക്കു പുറത്തേക്കു വഴികാട്ടിയ ഗോള്‍ നേടിയത്. 67-ാം മിനിറ്റിലായിരുന്നു നിര്‍ണായക ഗോള്‍. 16-ാം മിനിറ്റില്‍ ആഡ്രിയാന്‍ റാബിയോറ്റിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്.എന്നാല്‍, 27-ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റ ചെല്‍സിക്കു വേണ്ടി എതിര്‍ വല കുലുക്കി. 67-ാം മിനിറ്റില്‍ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് പിഎസ്ജിയെ ഇബ്രഹാമോവിച്ച് ക്വാര്‍ട്ടറിലേക്കു കൈപിടിച്ചു നടത്തി. അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ ക്രോസില്‍ നിന്നായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ഗോള്‍.

പിഎസ്ജി ഇതു തുടര്‍ച്ചയായ നാലാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടക്കുന്നത്. കഴിഞ്ഞ തവണയും ചെല്‍സി പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.മറ്റൊരു മത്സരത്തില്‍ മിന്നും ജയത്തോടെ ബെന്‍ഫിക ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെന്‍ഫിക ക്വാര്‍ട്ടറില്‍ കടന്നത്.

ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെന്‍ഫിക വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. ബെന്‍ഫിക്കയ്ക്കായി 85-ാം മിനിറ്റില്‍ നിക്കോളാസ് ഗെയ്താനും ഇഞ്ചുറി സമയത്ത് സോസ കോന്‍സിക്കോയും ഗോള്‍ നേടി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനു വേണ്ടി ബ്രസീല്‍ താരം ഹള്‍ക്ക് ആശ്വാസ ഗോള്‍ നേടി. ഹള്‍ക്കിന്റെ (69) ഗോളില്‍ സെനിതാണ് ആദ്യം മുന്നിലെത്തിയത്.

Related posts