ജംഗ്ഷന്‍ നവീകരണത്തിനായി ഗതാഗത നിയന്ത്രണം :മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍

PKD-BLOCKആലപ്പുഴ: ജംഗ്ഷന്‍ നവീകരണ ഭാഗമായി ആലപ്പുഴ നഗരത്തിലേര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലയ്ക്കുന്നു. തിരുവമ്പാടി ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരമാണ് യാത്രക്കാരെ കുരുക്കിയത്. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം നഗരത്തില്‍ ഗതാഗതം തിരിച്ചുവിട്ടിരുന്നു. ഇതുമൂലം നഗരത്തില്‍ ദിവസങ്ങള്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായിരുന്നു.

ജംഗ്ഷനിലെ റോഡ് നവീകരണം പൂര്‍ത്തിയാതോടെ ഗതാഗതം സുഗമമായെന്ന് കരുതിയപ്പോഴാണ് തിരുവാമ്പാടി ജംഗ്ഷനിലെ നവീകരണം ആരംഭിച്ചത്. തെക്ക് ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകളടക്കമുള്ള വാഹനങ്ങള്‍ ചങ്ങനാശേരി മുക്കില്‍ നിന്നും കിഴക്കോട്ട് തിരിച്ചുവിട്ട് കൈതവന വഴി ചന്ദനക്കാവ് കല്ലുപാലം വഴി നഗരത്തിലേക്കും.

സ്വകാര്യ ബസുകള്‍ വലിയ ചുടുകാട് ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറേക്ക് തിരിച്ചുവിട്ട് വെള്ളക്കിണര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വഴി നഗരത്തിലേക്കും എന്ന നിലയിലും വടക്കുനിന്നും വരുന്ന വാഹനങ്ങള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചന്ദനക്കാവുവഴി കൈതവന, ചങ്ങനാശേരി ജംഗ്ഷന്‍ വഴി പോകുന്ന തരത്തിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. വീതി കുറഞ്ഞ റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത് പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണുണ്ടാക്കിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവുമാണ് ഗതാഗതക്കുരുക്ക് ജനങ്ങളെ ഏറെ വലയ്ക്കുന്നത്.

സ്കൂള്‍ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ ഏറെ ബുദ്ധിമുട്ടുന്നത്. പലരും വാഹനങ്ങള്‍  കുരുക്കിലകപ്പെട്ടതിനെത്തുടര്‍ന്ന് കിലോമീറ്ററുകളോളം നടന്നാണ് ഓഫീസുകളിലെത്തിയത്. ജനറല്‍ ആശുപത്രി ജംഗഷനിലും തിരുവാമ്പാടി ജംഗ്ഷനിലും ഒരുപോലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ജനങ്ങള്‍ ഒരുതവണമാത്രം യാത്രാ ദുരിതം അനുഭവിച്ചാല്‍ മതിയായിരുന്നു.  ഗതാഗതം പുനക്രമീകരിച്ചതിലുള്ള പാളിച്ചയും കുരുക്കിന് കാരണമായിട്ടുണ്ട്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതും നഗരത്തിലെ പതിവ് കാഴ്ചയായി കഴിഞ്ഞു.

Related posts