ജനകീയ പാലം… അധികാരികള്‍ കണ്ണുതുറന്നില്ല, നാട്ടുകാര്‍ പാലം നിര്‍മിച്ചു

alp-palamമാവേലിക്കര: അധികാരികള്‍ കണ്ണു തുറന്നില്ല. നാട്ടുകാര്‍ ജനകീയ പാലം നിര്‍മിച്ചു. മറ്റം മഹാദേവ ക്ഷേത്രം റോഡും വലിയ പെരുമ്പുഴ മാന്നാര്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നാട്ടുകാരുടെ ശ്രമഫലത്താല്‍ യാഥാര്‍ഥ്യമായത്. പാലം വന്നെങ്കിലും റോഡിലൂടെയുള്ള ഗതാഗതം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ അധികാരികളും സമീപവാസിയും കനിയേണ്ട അവസ്ഥയാണ്. ഇതിനു കാരണം മാര്‍ഗതടസമായി ഇലക്ട്രിക് പോസ്റ്റും തെങ്ങുമാണ്.

മറ്റം മഹാദേവക്ഷേത്രത്തിനു കിഴക്കു ഭാഗത്ത് പാലത്തിലേക്കു കടക്കുന്നതിനു മുമ്പായി റോഡിന്റെ നടുക്ക് ഇലക്ട്രിക് പോസ്റ്റും സ്വകാര്യ വ്യക്തിയുടെ തെങ്ങും മാര്‍ഗതടസം സൃഷ്ടിക്കുകയാണ്. പോസ്റ്റ് മാറ്റി സ്ഥാപിക്കാനും തെങ്ങു മുറിച്ച് മാറ്റാനും നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടന്നിട്ടില്ല. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് എത്രയും വേഗം മാര്‍ഗതടസം നീക്കി ജനകീയ പാലം നാട്ടുകാര്‍ക്കു പൂര്‍ണമായും ഉപയോഗ പ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാല്‍നട മാത്രം സാധ്യമായിരുന്ന പാലമാണ് ഇവിടെ ഉണ്ടായിരുന്നത്. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് പാലം ഗുണകരമാകുന്നത്. പാലം യാഥാര്‍ഥ്യമായതോടെ വളരെ വേഗം മാവേലിക്കരയ്ക്കു എത്തിച്ചേരാന്‍ കഴിയും. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കി മടുത്ത ജനങ്ങള്‍ പാലം പണിയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

തടികൊണ്ട് നിര്‍മിച്ച പാലത്തിന് 85,000 രൂപയോളം ചെലവായി. നാട്ടുകാരുടെ രണ്ടാഴ്ചത്തെ ശ്രമഫലം കൊണ്ട് പൂര്‍ത്തിയായ പാലത്തിലൂടെ മിനി ലോറി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. റോഡില്‍ മാര്‍ഗതടസമായി നില്‍ക്കുന്ന പോസ്റ്റും തെങ്ങും മാറ്റണമെന്ന് മാത്രം. മറ്റം വടക്ക് ആഞ്ഞിലിപ്രാ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്.

Related posts