ജനസൗഹൃദ സദസ്; പോലീസിനൊപ്പം ജനങ്ങളും നില്‍ക്കണമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി

ktm-policeതൊടുപുഴ: പരാതികളും അഭിപ്രായങ്ങളുമായി ജനസൗഹൃദ സദസ് ജനത്തിനു തുറന്ന വേദിയായി. തൊടുപുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനസൗഹൃദ സദസിലാണ് പരാതികളും ആവശ്യങ്ങളും അഭിപ്രായങ്ങളുമായി ജനങ്ങളും വിദ്യാര്‍ഥികളും എത്തിയത്.നഗരത്തില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിഷകളും വര്‍ധിച്ചു വരുന്ന ഉന്തുവണ്ടികളുമാണ് നഗരത്തിലെ പ്രധാന പ്രശ്‌നമായി ജനങ്ങള്‍ മുന്നോട്ടു വച്ചത്. പ്രധാന ജംഗ്ഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കണക്കില്‍ കവിഞ്ഞ ഓട്ടോകള്‍ ജനങ്ങളുടെയും വാഹനങ്ങളുടെയും സുഗമമായ യാത്രയ്ക്കു തടസം സൃഷ്ടിക്കുന്നു.

മീറ്ററുകള്‍ ഇല്ലാത്ത ഓട്ടോകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും നഗരത്തിനു പുറത്തും നിന്നും എത്തുന്ന ഓട്ടോകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നതിനാല്‍ തിരക്കു വര്‍ധിക്കുവാന്‍ കാരണമാകുന്നതായും ജനങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമെ നഗരത്തില്‍ വ്യാപകമാകുന്ന ഉന്തുവണ്ടി കച്ചവടക്കാരും ട്രാഫിക് തടസത്തിനു ഇടയാകുന്നുവെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു. റോഡിലേക്കിറക്കിയുള്ള കച്ചവടങ്ങളും വഴിയരികിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉന്തുവണ്ടി കച്ചവടക്കാര്‍ കൈയടക്കുന്നതും നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളായി ജനങ്ങള്‍ തുറന്നുകാട്ടി.

ഇന്നലെ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ജില്ലാ പോലീസ് മേധാവിക്കു മുന്നില്‍ ജനങ്ങള്‍ പരാതിക്കെട്ടഴിച്ചത്. ജില്ലാ പോലീസ് മേധാവി ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പരാതികള്‍  സ്വീകരിക്കുകയും ചെയ്തു. കൗമാരക്കാരുടെയും യുവാക്കളുടെയും ലഹരി ഉപയോഗം കുറയ്ക്കാന്‍ മാതാപിതാക്കളും അധ്യാപകരും കൈകോര്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ ലഹരി ഉപയോഗം വര്‍ധിക്കുകയും ചെറിയ കാര്യങ്ങള്‍ക്കു പോലും അവര്‍ ജീവനൊടുക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു. ഇതു തടയാന്‍ മാതാപിതാക്കള്‍ കുട്ടികളുടെ സുഹൃത്തുക്കളാവണം. കുടംബങ്ങളില്‍ നിന്നും തന്നെ കുട്ടികളെ നേര്‍വഴി കാണിക്കണം.

കുട്ടികളുമായി സംസാരിക്കുകയും അവരുടെ കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യാനുള്ള സമയം മാതാപിതാക്കള്‍ കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ അന്തരീക്ഷം സമാധാന പരമല്ലെങ്കില്‍ കുട്ടികള്‍ ലഹരിയുടെയും മറ്റു കുറ്റങ്ങളുടെയും ലോകത്തേക്കു മാറും. മാതാപിതാക്കളെക്കാള്‍ മൊബൈല്‍ ഫോണുകളെ സ്‌നേഹിക്കുന്ന കുട്ടികളാണ് ഇന്നുള്ളത്. ഇതിനു കുടുംബങ്ങളില്‍ നിന്നും തന്നെ തടയിടണമെന്നും എസ്പി പറഞ്ഞു.

വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും വിദ്യാര്‍ഥികളും പോലീസിനോട് പങ്കുവച്ചു. നഗരത്തിലെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വഴിയില്‍ ഇറക്കി വിടുന്ന സാഹചര്യമാണ് ഉള്ളതെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. നഗരത്തിലെ പ്രവര്‍ത്തനരഹിതമായ നിരീക്ഷണ കാമറകള്‍ മാറ്റുന്നതിനും റോഡുകളിലെ മാഞ്ഞുപോയ സീബ്രാലൈന്‍ വരയ്ക്കുന്നതിനും പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും ജനങ്ങള്‍ പറഞ്ഞു.രാത്രിയില്‍ നഗരത്തിലൂടെ സഞ്ചരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പൂവാല ശല്യം രൂക്ഷമാകുന്നതായും  പെണ്‍കുട്ടികളുടെ സുരക്ഷക്കായി സംവിധാനം ഒരുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യം ഉന്നയിച്ചു.

മറ്റു ജില്ലകളില്‍ നിന്നും തൊടപുഴയില്‍ പഠിക്കാനായി എത്തി വീടെടുത്ത് താമസിക്കുന്ന കുട്ടികളുടെ ഇടയില്‍ കഞ്ചാവിന്റെയും മറ്റു ലഹരികളുടെയും ഉപയോഗം വര്‍ധിക്കുന്നതായും ഇതു തടയാനുള്ള നടപടി പോലീസ് സ്വീകരിക്കണമെന്നുമുള്ള ആവശ്യം മാതാപിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കു മുന്നില്‍ അവതരിപ്പിച്ചു. കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലീസിനൊപ്പം ജനങ്ങളും നില്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. രണ്ടുമാസം കൂടുമ്പോള്‍ ഇതുപോലുള്ള ജനസൗഹൃദ സദസുകള്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴു പരാതികള്‍ ജനസൗഹൃദ സദസില്‍ എസ്പിയ്ക്കു ലഭിച്ചു. ലഭിച്ച പരാതികള്‍ക്കും ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കും തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് എസ്പി അറിയിച്ചു.

ടിഎം രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ തടയുന്നതിനായി ട്രയല്‍ ടെസ്റ്റ് നടത്തും. ചര്‍ച്ചയില്‍ കമ്മ്യൂണിറ്റി പോലീസിന്റേയും റസിഡന്റ്‌സ് അസോസിയേഷന്റെയും പോലീസ് യൂണിറ്റിന്റേയും പ്രാധാന്യത്തെക്കുറിച്ച് ട്രാക് പ്രസിഡന്റ് എം.സി.മാത്യു വ്യക്തമാക്കി ജനകീയ കൂട്ടായ്മ 2009-ലാണ് തൊടുപുഴയില്‍ തുടങ്ങിയത്.  ആദ്യഘട്ടത്തില്‍ എല്ലാ മാസവും അടുത്ത ഘട്ടങ്ങളില്‍ ഓരോ മാസം ഇടവിട്ടും യോഗങ്ങല്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ മാറി വരുന്ന അധികാരികളുടെ മനോഭാവങ്ങള്‍ക്കനുസരിച്ച് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ഈ പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമായി കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡിവൈഎസ്പി എന്‍.എന്‍.പ്രസാദ്, സിഐ എന്‍.ജി. ശ്രീമോന്‍, എസ്‌ഐ ജോബിന്‍ ആന്റണി, ജനമൈത്രി എസ്‌ഐ സാജന്‍, സണ്ണി തെക്കേക്കര, ഇ.എ.പി വേണു, കെ.കെ.ബിജു, ജനപ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ ആശാ പ്രവര്‍ത്തകര്‍, വിവിധ കോളജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, അല്‍-അസ്ഹര്‍ കോളജ്, കോ-ഓപ്പറേറ്റീവ് കോളജ്, ചാഴികാട്ട് നഴ്‌സിംഗ് സ്കൂള്‍, ഹോളിഫാമിലി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ ജനസൗഹൃദ സദസില്‍ പങ്കെടുത്തു.

കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സ്കൂള്‍ പിടിഎ യോഗത്തില്‍ അതതു സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐമാര്‍ പങ്കെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ് പറഞ്ഞു.
പിടിഎ യോഗത്തില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പോലീസിനോട് തുറന്ന ചര്‍ച്ചയ്ക്കു അവസരം ഒരുക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐമാര്‍ യോഗത്തില്‍ പങ്കെടുക്കുക. എംഎസ്ഡബ്ല്യു യോഗ്യതയുള്ള പോലീസ് ഓഫീസറുടെ കൗണ്‍സലിംഗ് സേവനം തൊടുപുഴ ജനമൈത്രിയില്‍ ലഭ്യമാണെന്നും ഉപയോഗപ്പെടുത്തണമെന്നും എസ്പി പറഞ്ഞു.

Related posts