ജമ്മു കാഷ്മീരിലെ സൈനിക ക്യാമ്പിനു സമീപം ഭീകരാക്രമണം; മൂന്നു ഭീകരരെ വധിച്ചു; ഭീകരര്‍ എത്തിയത് സൈനിക വേഷത്തില്‍

javanജമ്മു: ജമ്മു കാഷ്മീരില്‍ കുപ്‌വാരയിലുള്ള ഹന്ദ്വാരയിലെ സൈനിക ക്യാമ്പിനു സമീപം ഭീകരാക്രമണം. ലാന്‍ഗേറ്റിലെ 30 രാഷ്ര്ടീയ റൈഫിള്‍സ് ക്യാമ്പിനു സമീപമാണ് ഇന്നു പുലര്‍ച്ചെ അഞ്ചിന് ഭീകരര്‍ വെടിവയ്പുനടത്തിയത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ക്യാമ്പിനു നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു.

സൈന്യം പ്രത്യാക്രമണം നടത്തിയതോടെ ഇവര്‍ രക്ഷപ്പെട്ടു. പിന്നീട് 6.30 ന് വീണ്ടും വെടിവയ്പ്പ് നടന്നതായി സൈനിക വക്താവ് പറഞ്ഞു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരരെയും വധിച്ചു.— റൈഫിള്‍സ് ക്യാമ്പിനു കാവല്‍ നില്‍ക്കുകയായിരുന്ന സൈനികര്‍ക്കു നേരെയാണ് ഭീകരര്‍ ആദ്യം ആക്രമണം നടത്തിയത്. ഇവിടെ ഒരു മണിക്കൂറോളം സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി.

വെടിവയ്പ് ശക്തമായപ്പോള്‍ ഭീകരര്‍ അടുത്തുള്ള ആപ്പിള്‍ തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. സൈന്യം ഇവിടെ തെരച്ചില്‍ ആരംഭിച്ചപ്പോള്‍ വീണ്ടും വെടിവയ്പുണ്ടായി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിനു നേരെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ബാരാമുള്ളയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിനു നേരെയാണ് നേരത്തേ ആക്രമണം നടന്നിരുന്നത്.—

നിയന്ത്രണരേഖയ്ക്കപ്പുറത്ത് പാക്കിസ്ഥാന്‍ പുതിയ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. പാക് അധീന കാഷ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ ചിലത് മിന്നലാക്രമണത്തില്‍ ഇന്ത്യന്‍ കരസേന തകര്‍ത്തതിനു ശേഷമാണ്പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ വന്നത്. 12 കേന്ദ്രങ്ങള്‍ നിയന്ത്രണരേഖയ്ക്കപ്പുറം ഉള്ളതായാണു വിവരം.

Related posts