തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി ഇ.പി. ജയരാജന് മോശമായി സംസാരിച്ചതിനെതിരേ പ്രതിപക്ഷത്തു നിന്നും വ്യാപക പ്രതിഷേധം. കായിക താരങ്ങളുടെ മഹത്വം കായികമന്ത്രിയായ ജയരാജന് അറിയാന്‍ പാടില്ലാത്തതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പെരുമാറിയതെന്നും ജയരാജന് അദ്ദേഹം കായികവകുപ്പ് ഒഴിയുകയാണു വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ജുവിനെ അപമാനിച്ച ജയരാജന് മാപ്പ് പറയണമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആവശ്യപ്പെട്ടു. അഞ്ജുവിനെ അപമാനിച്ച കായികമന്ത്രി മാപ്പു പറയണമെന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ കായികമന്ത്രി ഇ.പി. ജയരാജന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നു മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് ഇ.പി. ജയരാജന് അഞ്ജു ബോബി ജോര്‍ജിനോട് മാപ്പു പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കേരളത്തിലെ കായികരംഗത്തെ പ്രമുഖരെ തിരിച്ചറിയാനും അവരെ അംഗീകരിക്കാനും തയാറാകാത്ത കായിക മന്ത്രി ഇ.പി. ജയരാജന് സംസ്കാരിക കേരളത്തിന് അപമാനമാണെന്നു മുന്‍ കായികമന്ത്രി കെ. സുധാകരന് പറഞ്ഞു. ജയരാജന് സ്വയം രാജിവച്ചു പുറത്തുപോകാന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി ഇടപെട്ട് മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകാന്‍ യോഗ്യയല്ലെന്നു നിയമനകാലത്തുതന്നെ താന്‍ പറഞ്ഞിരുന്നതായി പി.സി. ജോര്‍ജ് എംഎല്‍എ മീറ്റ് ദി പ്രസില്‍ വ്യക്തമാക്കി. കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കി മികച്ച കേരളതാരങ്ങളെ കര്‍ണാടകത്തിലേക്കു ചാക്കിട്ടുപിടിക്കുന്ന അഞ്ജു ഈ പദവിയിലിരിക്കാന്‍ യോഗ്യയല്ല. മാസം മൂന്നും നാലും തവണ സര്‍ക്കാര്‍ ചെലവില്‍ വിമാനത്തിലെത്തിയാണ് ചുമതല നോക്കുന്നത്.