ജര്‍മനിയിലെത്തിയത് 20 ലക്ഷം വിദേശികള്‍

germmenyബെര്‍ലിന്‍: അഭയാര്‍ഥികളും കുടിയേറ്റക്കാരും ചേര്‍ന്നുള്ള കണക്കെടുക്കുമ്പോള്‍ 2015ല്‍ ജര്‍മനിയിലെത്തിയത് 20 ലക്ഷം വിദേശികളെന്നു സര്‍ക്കാര്‍.

ഫെഡറല്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കുടിയേറ്റം രേഖപ്പെടുത്തിയ വര്‍ഷമാണ് 2015. 2014ല്‍ 1,343,000 പേര്‍ വന്ന സ്ഥാനത്താണ് 2015 ല്‍ ഏഴു ലക്ഷം പേരുടെ വര്‍ധന കാണിക്കുന്നത്.

2015 ല്‍ ജര്‍മനി വിട്ടുപോയ വിദേശ പൗരന്‍മാരുടെ എണ്ണത്തിലും വര്‍ധനയാണ് കാണുന്നത്, 8,60,000 പേര്‍ രാജ്യം വിട്ടു. തൊട്ടു മുന്‍ വര്‍ഷം ഇത് 7,66,000 ആയിരുന്നു.

ഇതു പ്രകാരം നെറ്റ് മൈഗ്രേഷന്‍ 1.14 മില്യനാണ്. 2014 ലെ 5,77,000 നെ അപേക്ഷിച്ച് അമ്പതു ശതമാനമാനത്തിന്റെ വര്‍ധനവാണുള്ളത്.

കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെത്തിയത് 11 ലക്ഷം അഭയാര്‍ഥികള്‍ എന്നാണ് മുമ്പു പുറത്തുവിട്ട ഔദ്യോഗിക കണക്ക്. എന്നാല്‍, ഇവരില്‍ ആറു ലക്ഷം പേര്‍ മാത്രമാണ് രാജ്യത്ത് തങ്ങിയതെന്ന പുതിയ വെളിപ്പെടുത്തലും തമ്മില്‍ ഒട്ടേറെ അന്തരമുണ്ടടന്നാണ് സര്‍ക്കാരിന്റെ സ്ഥിരീകരണം.

ഇടതുപക്ഷ പാര്‍ട്ടിയുടെ ചോദ്യത്തിനു കഴിഞ്ഞതവണ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ തന്നെ നല്‍കിയ മറുപടിയില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം 1.25 മില്യന്‍ അഭയാര്‍ഥികള്‍ ജര്‍മനിയിലുണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, 2014 ന്റെ അവസാനം രജിസ്റ്റര്‍ ചെയ്ത 627,000 പേര്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഈ കണക്ക് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പതിവായി പറയുന്ന കണക്ക് കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം അഭയാര്‍ഥികള്‍ യൂറോപ്പിലെത്തിയെന്നാണ്. എന്നാല്‍ ജര്‍മനി പറയുന്ന കണക്ക്, പതിനൊന്നു മില്യന്‍ അഭയാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ മാത്രമെത്തിയെന്നും. ഇതിലെ ആശയക്കുഴപ്പത്തിനാണ് പുതിയ വെളിപ്പെടുത്തലോടെ പരിഹാരമായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സ്വീഡന്‍ അഭയാര്‍ഥിത്വം നല്‍കിയത് 1,60,000 പേര്‍ക്കാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അവിടെയെത്തിയത് ജര്‍മനി വഴിയും. ഇത്തരത്തില്‍, ജര്‍മനിയില്‍ രജിസ്റ്റര്‍ ചെയ്ത പലരും പിന്നീട് മറ്റു രാജ്യങ്ങളില്‍ പോയി അവിടെയും രജിസ്റ്റര്‍ ചെയ്തിരിക്കാം എന്നും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts