കൊച്ചി: കടല്‍, കായല്‍, അഴിമുഖങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയ ജലാശയങ്ങളിലെ ജീവിവൈവിധ്യങ്ങളുടെ ശേഖരങ്ങളുമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു. സമുദ്ര ആവാസവ്യസ്ഥയിലെ മുത്തുച്ചിപ്പികള്‍, പവിഴപ്പുറ്റുകള്‍, അലങ്കാര മത്സ്യങ്ങള്‍, സ്പോഞ്ചുകള്‍, കടല്‍ പായലുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ വെള്ളരി, കടല്‍പ്പൂവ്, കടല്‍ച്ചേന, ഇന്ത്യയുടെ തീരദേശത്തും പശ്ചിമഘട്ട നിരകളിലുമുള്ള ഏറെക്കുറെ എല്ലാ മത്സ്യങ്ങള്‍ എന്നിവ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
മൂവായിരത്തില്‍പ്പരം കക്ക, ചിപ്പി ഇനങ്ങള്‍, പശ്ചിമഘട്ട നിരകളില്‍ നിന്നുള്ള 150-ലേറെ നാടന്‍ മത്സ്യയിനങ്ങള്‍, എന്നിവയും മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇന്ത്യയിലെ മത്സ്യസമ്പത്തിനെക്കുറിച്ചും ജലജീവികളെക്കുറിച്ചും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ വിജ്ഞാനപ്രദമായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
മ്യൂസിയത്തിന്റെ ഉദ്ഘാടനം ന്യൂഡല്‍ഹി ആസ്ഥാനമായ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ.കെ. ജെന ഉദ്ഘാടനം ചെയ്തു. മ്യൂസിയത്തില്‍ സജ്ജീകരിച്ച പശ്ചിമഘട്ട നിരകളിലെ ജലജീവികളുടെ ശേഖരം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പഠനങ്ങളില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന മീനുകളും ജലജീവികളും പ്രദര്‍ശിപ്പിക്കപ്പെടുന്നത് അവയുടെ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലൂം സൃഷ്ടിക്കാനാകുമെന്നും ഡോ. ജെന പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. കെ. ഗോപകുമാര്‍, ഡോ. എന്‍. ചന്ദ്രശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.