ജലനിരപ്പുയര്‍ന്നു, മംഗലംഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

PKD-DAMSHUTTERമംഗലംഡാം: വൃഷ്ടിപ്രദേശങ്ങളിലും വനത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങി മംഗലംഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. അഞ്ചു സെന്റീമീറ്റര്‍ ഉയരത്തിലാണ് ആറ് ഷട്ടറുകളും തുറന്നിട്ടുള്ളത്. ബുധനാഴ്ച രാത്രി നാല് ഷട്ടറുകളും ഇന്നലെ വൈകുന്നേരം മൂന്നിന് രണ്ടും ഷട്ടറുകളും തുറന്നതായി ഇറിഗേഷന്‍വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യമായാണ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്ന് വെള്ളം മംഗലംപുഴയിലേക്ക് വിടുന്നത്. ജില്ലയിലെ മറ്റു ഡാമുകളെല്ലാം ജലനിരപ്പ് കുറഞ്ഞ് കര്‍ഷകരില്‍ ആശങ്ക ജനിപ്പിക്കുമ്പോള്‍ മംഗലംഡാം പതിവുതെറ്റിക്കാതെ ഇക്കുറിയും കര്‍ഷകമനംനിറച്ച് നിറഞ്ഞുകഴിഞ്ഞു.കഴിഞ്ഞമാസം 17നാണ്് ജലനിരപ്പ് പരമാവധിയിലെത്തി ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നത്. പിന്നീട് മഴ വിട്ടുനിന്ന് ജലനിരപ്പ് താഴ്ന്നിരുന്നു.

കടപ്പാറ, ചൂരുപ്പാറ, ഓടംന്തോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററും കടന്ന് ജലനിരപ്പ് ഉയരുന്ന സ്ഥിതി വന്നതോടെയാണ് ആറ് ഷട്ടറുകളും തുറക്കേണ്ടി വന്നത്.ഇന്നലെ രാവിലെ എട്ടിനുള്ള കണക്കനുസരിച്ച് കഴിഞ്ഞ ഒരുദിവസം 42 എംഎം മഴയും ഡാം പരിസരത്ത് ലഭിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈ 18നും 2014 ല്‍ ജൂലൈ 21നും ഷട്ടറുകള്‍ തുറന്നിരുന്നു. എന്നാല്‍ 2013 ല്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ 25ന് തന്നെ മംഗലംഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നു.

Related posts