ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളെ സംന്ധിച്ച അന്തിമതീരുമാനം ഇന്ന്

ALP-CPIMആലപ്പുഴ: ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അന്തിമതീരുമാനം ഇന്നുണ്ടാകും. ഇന്നു വൈകുന്നേരം ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് സിപിഎം മത്സരിക്കുന്ന ആറ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനമുണ്ടാകുക. അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കാനാണ് ജില്ലാകമ്മിറ്റി ശിപാര്‍ശ ചെയ്തതെങ്കിലും ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമുണ്ടായതോടെയാണ് ചെങ്ങന്നൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവന്നത്.

മധ്യകേരളത്തില്‍ ശക്തമായ പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട ജില്ലാ സെക്രട്ടറിമാര്‍ മത്സരത്തിനിറങ്ങിയാല്‍ തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ പാളിച്ചയുണ്ടാകുമെന്ന ആശങ്കയാണ് സെക്രട്ടറിമാരെ മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.  ചെങ്ങന്നൂരില്‍ സിപിഎം സംസ്ഥാനസമിതിയംഗമായ സി.എസ്.സുജാതയും കായംകുളത്ത് സിറ്റിംഗ് എംഎല്‍എയായ സി.കെ.സദാശിവനും മത്സരിക്കാനാണു സാധ്യത. സാമുദായിക പരിഗണനയും ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

Related posts