പത്തനംതിട്ട: ഓണം വിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡിനു പണം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ നന്മ സ്‌റ്റോറുകളുടെയടക്കം നിലനില്‍പ്പ് പ്രതിസന്ധിയിലായി. നഷ്ടത്തിലായ കണ്‍സ്യൂമര്‍ഫെഡിനു കീഴിലെ നന്മ സ്‌റ്റോറുകള്‍ പൂട്ടേണ്ടതു തന്നെയെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ജീവനക്കാരും ആശങ്കയിലായി. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിനു പണം അനുവദിക്കുന്നില്ലെങ്കില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. പിണറായി വിജയന്‍ സഹകരണമന്ത്രിയായിരുന്ന കാലയളവിലാണ് ത്രിവേണി മാര്‍ക്കറ്റുകള്‍ കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റ കാലത്താണ് പഞ്ചായത്തടിസ്ഥാനത്തില്‍ നന്മ സ്റ്റോറുകള്‍ തുടങ്ങിയത്. കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിച്ച നന്മ സ്റ്റോറുകളിലൂലെ സബ്‌സിഡി ഉത്പന്നങ്ങള്‍ അടക്കം ഉപഭോക്താക്കള്‍ക്ക് എത്തിച്ചിരുന്നു. അരി, പഞ്ചസാര, മുളക്, മല്ലി, എണ്ണ, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നന്മ സ്‌റ്റോറുകളിലൂടെ ഗ്രാമപ്രദേശങ്ങളിലെത്തിച്ചിരുന്നു. ജില്ലയിലാകെ 63 നന്മ സ്റ്റോറുകളാണ് ജില്ലയിലുള്ളത്. രണ്ട് ജീവനക്കാര്‍ വീതം 126 പേര്‍ സ്റ്റോറുകളില്‍ ജോലിയെടുക്കുന്നുണ്ട്. കൂടാതെ നന്മ സ്‌റ്റോറുകള്‍ക്കായി പ്രത്യേകം ഗോഡൗണുകളും പായ്ക്കിംഗ് കേന്ദ്രങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളിലും ജീവനക്കാരെ നിയമിച്ചിരുന്നു.
നിലവില്‍ മൂന്ന പായ്ക്കിംഗ് കേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം നാമമാത്രമാണ്.അഴിമതിയുടെ പേരിലാണ് കണ്‍സ്യൂമര്‍ഫെഡിനുള്ള സഹായം സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. വ്യാപാരികള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമായി 700 കോടി രൂപ നല്‍കാനുണ്ടെന്നു പറയുന്നു. എന്നാല്‍ ഇടക്കാലത്തു മുരടിച്ചെങ്കിലും പച്ചപിടിച്ചു വരികയായിരുന്ന കണ്‍സ്യൂമര്‍ഫെഡിനെ പുതിയ തീരുമാനം തളര്‍ത്തുകയേയുള്ളൂവെന്ന ്ജീവനക്കാര്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡ് നന്മ, ത്രിവേണി സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു നിരവധി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്.
ഇന്നിപ്പോള്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്നില്ല. ഏറ്റവുമൊടുവില്‍ അരി മാത്രമാണ് നന്മ സ്റ്റോറുകള്‍ക്കു നല്‍കിയത്. ജില്ലയിലെ നന്മ സ്‌റ്റോറുകളില്‍ കഴിഞ്ഞ 21നുശേഷം സ്‌റ്റോക്ക് നല്‍കിയിട്ടില്ല. പലയിടത്തും നന്മ സ്റ്റോര്‍ പൂട്ടാനുള്ള നിര്‍ദേശം വന്നുകഴിഞ്ഞു. എന്നാല്‍ പ്രാദേശിക എതിര്‍പ്പു മൂലം നടന്നിട്ടില്ലെന്നു മാത്രം. സ്കൂള്‍ വിപണിയില്‍ പോലും ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡിനു കഴിഞ്ഞില്ല. ത്രിവേണി നോട്ട്ബുക്കുകള്‍ എത്തിച്ചിരുന്നു. എന്നാല്‍ മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പണം അനുവദിച്ചില്ല.
കണ്‍സ്യൂമര്‍ഫെഡ് സ്വന്തം നിലയില്‍ പായ്ക്കു ചെയ്തുവന്ന ഉത്പന്നങ്ങളുടെ വിതരണവും നിലച്ചിരിക്കുകയാണ്. ത്രിവേണി മാര്‍ക്കറ്റുകളില്‍ ലഭ്യമായ നിത്യോപയോഗ സാധനങ്ങള്‍ പലതും നിലവില്‍ വിപണി വിലയ്ക്കാണ് നല്‍കുന്നത്. വിലക്കുറവില്ലാത്തതിനാല്‍ ത്രിവേണിയിലേക്കുള്ള ഉപഭോക്താക്കളുടെ വരവും കുറഞ്ഞു. ജില്ലയില്‍ പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, തിരുവല്ല, അടൂര്‍, തട്ട, വെണ്ണിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവും നാമമാത്രമാണ്. ത്രിവേണിയുടെ മൊബൈല്‍ സ്‌റ്റോറുകളുടെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്.