പെരുമ്പാവൂര്‍: ജിഷയുടെ അമ്മയെ കാണാന്‍ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവ് രാജേശ്വരിയെ മന്ത്രിക്ക് കാണാന്‍ സാധിച്ചില്ല. ആഭ്യന്തര മന്ത്രിയുടെ കാര്‍ തടഞ്ഞ സംഘടനാ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നു മടങ്ങിയ ആഭ്യന്തര മന്ത്രി ജിഷയുടെ വീട് സന്ദര്‍ശിച്ചു.
ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പെരുമ്പാവൂര്‍ പട്ടണത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടന്നു. എസ്എഫ്‌ഐ, എഐവൈഎഫ്, എസ്ഡിപിഐ, കെപിഎംഎസ്, ബിജെപി എന്നിവയ്ക്കു പുറമെ വിവിധ സംഘടനകളുടെ ജനകീയ കൂട്ടായ്മയും വിവിധ വിദ്യാര്‍ഥി സംഘടനകളും വനിതാ സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ചു.