ജിഷ വധം: കൊലയാളിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; ഇരുവരും ഒന്നിച്ചു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്

weeകൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ജിഷയും മഞ്ഞഷര്‍ട്ടിട്ട യുവാവും ചേര്‍ന്ന് വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ യുവാവിന്റെ മുഖം വ്യക്തമല്ല.

ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞഷര്‍ട്ടണിഞ്ഞ ഒരു യുവാവാണെന്ന് പോലീസിന് നിരവധി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ യുവാവിനെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്നതിന് സമീപത്തെ ശിവക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ നാല് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചപ്പോഴാണ് പോലീസിന് സുപ്രധാന തെളിവ് ലഭിച്ചത്. ഡിപ്പോയിലെ അഞ്ചാമതൊരു സിസിടിവിയിലെ ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാനുണ്ട്. ഇതില്‍ യുവാവിന്റെ മുഖം വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി സമീപത്തെ കനാലിലൂടെ രക്ഷപെട്ടുവെന്നാണ് പരിസരവാസികളില്‍ പലരും മൊഴി നല്‍കിയത്. ഈ യുവാവ് കനാലില്‍ ശരീരം വൃത്തിയാക്കുന്നത് കണ്ടുവെന്നും മഞ്ഞഷര്‍ട്ടണിഞ്ഞ ആളായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രവും പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് പോലീസിന് കേസിലെ സുപ്രധാന തെളിവെന്ന് കരുതാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

അതിനിടെ പോലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളയാളെ വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ജിഷ മരിച്ച ദിവസം രാവിലെ പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിനുള്ള ബസില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ യാത്ര ചെയ്ത ബസിലെ കണ്ടക്ടറെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Related posts