ജിസ്‌നയ്ക്കും സംഘത്തിനും ആശംസ നേര്‍ന്ന് ‘റിയോ-2016″ ഘോഷയാത്ര

knr-jisnaആലക്കോട്: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മലയോരത്തിന്റെ അഭിമാനതാരം ജിസ്‌ന മാത്യുവിനും മലയാളി കായികതാരങ്ങള്‍ക്കും അഭിനന്ദനങ്ങളും വിജയാശംസകളും നേര്‍ന്നു വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് യുപി സ്കൂളിന്റെ നേതൃത്വത്തില്‍ “റിയോ-2016′ ഘോഷയാത്ര സംഘടിപ്പിച്ചു.

4*400 മീറ്റര്‍ വനിതകളുടെ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജിസ്‌നയുടെ നേട്ടം സ്കൂളിനും അഭിമാന മുഹൂര്‍ത്തമാണു സമ്മാനിക്കുന്നതെന്ന് മുഖ്യാധ്യാപകന്‍ ജെയ്‌സണ്‍ അട്ടാറിമാക്കല്‍ പറഞ്ഞു. ജിസ്‌ന മാത്യുവിനും മലയാളി താരങ്ങള്‍ക്കും ഇന്ത്യന്‍ കായിക ടീമിനും അഭിനന്ദനങ്ങള്‍ നേര്‍ന്നു പ്ലക്കാര്‍ഡുകളും ബാനറുകളും വഹിച്ചാണ് വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. അധ്യാപകരായ ജോസഫ് വര്‍ഗീസ്, ലാലി സെബാസ്റ്റ്യന്‍, വത്സമ്മ കുര്യന്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായാട്ടുപറമ്പ് സെന്റ്് ജോസഫ്‌സ് യുപി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിനിയായ ജിസ്‌നയുടെ കായികരംഗത്തെ തുടക്കം ഈ സ്കൂളില്‍നിന്നായിരുന്നു. ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ ചിട്ടയായ പരിശീലനത്തിലൂടെ കായികരംഗത്തു മികവ് തെളിയിച്ച ജിസ്‌ന മാത്യു എട്ടാം ക്ലാസിലാണു കോഴിക്കോട് പൂവമ്പായി സ്കൂളില്‍ പഠനത്തിനെത്തുന്നത്. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍നിന്നും ലഭിച്ച വിദഗ്ധ പരിശീലനത്തോടെ രാജ്യാന്തര താരമായി വളരുകയായിരുന്നു.

Related posts