
പത്തനംതിട്ട: ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡുകള്‍ നിര്‍മിക്കാന്‍ കെപ്ലര്‍ റോബോട്ടിക്സിന് ജില്ലാ കളക്ടറുടെ പച്ചക്കൊടി. കോവിഡ് 19 ചികിത്സയ്ക്കായി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന പിപിഇ കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമാണ് ഫെയ്സ് ഷീല്‍ഡ്.
ഒഎച്ചപി ഷീറ്റ്, പിഎല്‍എ മെറ്റീരിയല്‍ എന്നിവ കൊണ്ട് ത്രീ ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന ഫെയ്സ് ഷീല്‍ഡുകള്‍ ഭാരം കുറഞ്ഞതും ഇലാസ്റ്റിക് ബാനറുകളില്ലാതെ അനായാസം ധരിക്കാനും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
ചെങ്ങന്നൂര്‍ സ്വദേശിയായ കെ.എസ് ജിഷ്ണുവും കൂട്ടുകാരായ അതുല്‍ ചന്ദ്രസേനന്, ആല്വിന് എം. കുര്യന്, പി. ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കെപ്ലര്‍ റോബോട്ടിക്സും ജില്ലാ ഭരണകൂടവും സംയോജിച്ചാണ് ആവശ്യമായ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കുന്നത്.
ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡ് പ്രാഥമികമായി നിര്‍മിക്കാനുള്ള നിര്‍ദേശം നല്കി. 10 മെഷീനുകള്‍ ഉപയോഗിച്ച് 400 ഫെയ്സ് ഷീല്‍ഡുകള്‍ ആണ് ദിവസേന നിര്‍മിക്കുക.