മുക്കം: മുക്കത്തെ വിസ്മയഗോള്‍ഡില്‍ നടന്ന മോഷണത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടാനാവാതെ പോലീസ് പെടാപാടുപെടുമ്പോള്‍ പ്രതികള്‍ സംസ്ഥാനത്ത് തന്നെയുണ്ടന്ന സൂചന ബലപ്പെടുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു ആഭരണ കടയില്‍ നടന്ന മോഷണത്തിലെ പ്രതികളുടേതെന്ന് കരുതുന്ന രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെയാണ് വിസ്മയഗോള്‍ഡില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ തന്നെയാണ് കണ്ണൂരിലേതെന്നും സംശയിക്കാന്‍ പ്രധാന കാരണം. 2015 ഓഗസ്റ്റ് 12 ന് രാത്രി മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയഗോള്‍ഡില്‍ മോഷണം നടന്നപ്പോള്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രത്തോട് ഏറെ സാമ്യമുളളതാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ മോഷണക്കേസില്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രവും.
നേരത്തെ വിസ്മയ ഗോള്‍ഡ് മോഷണവുമായി പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ബോലെ രാജ് ശര്‍മ്മ , കൃഷ്ണ രവി ദാസ് , വിഷ്ണു രവി ദാസ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. അറസ്റ്റ് ചെയ്ത മൂന്നു പേരും വന്‍തുക പിഴയടച്ച് ജാമ്യം നേടുകയും ചെയ്തു. ഇതില്‍ പോലീസ് അറസ്റ്റ് ചെയ്ത കൃഷ്ണ രവി ദാസ്, ഇനിയും പിടികൂടാനുള്ള ഫോള്‍ട്ടി എന്നിവരുടേതിന് സാമ്യമുള്ള രേഖാചിത്രമാണിപ്പോള്‍ പുറത്തുവന്നത്. വിസ്മയ ഗോള്‍സ് മോഷണ കേസ് പ്രതികള്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.
ജാര്‍ഖണ്ഡിലും ബംഗാളിലുമെത്തി ഏറെ സാഹസപെട്ടാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയിരുന്നത്. ഒരു വേള ബംഗാളില്‍ ഭാര്യവീട്ടില്‍ കഴിഞ്ഞ പ്രതി പോലീസിനെ കണ്ട് പുഴയില്‍ ചാടിയപ്പോള്‍ പുഴയില്‍ വെച്ചാണ് കൃഷ്ണ രവി ദാസിനെ കീഴ്‌പ്പെടുത്തിയത്. ജാമ്യത്തിലറങ്ങിയ കൃഷ്ണയും പോലീസ് ഇനിയും പിടികൂടാത്ത ഫോള്‍ടിയും വീണ്ടും കേരളത്തിലെത്തി വലിയ മോഷണം നടത്തി എന്നത് ആഭ്യന്തര വകുപ്പിനെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ്. കഴിഞ്ഞ 26 ന് ഉച്ചയോടെയാണ് കണ്ണൂരിലെ ഉത്തരേന്ത്യന്‍ സ്വദേശിയുടെ ആഭരണ ക്കടയില്‍ വാണിജ്യനികുതി ഓഫീസര്‍മാര്‍ ചമഞ്ഞ് 15 ലക്ഷം രൂപയും രണ്ടു കിലോ വെള്ളിയും കവര്‍ന്നത്. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് ഇരു കേസുകളിലേയും പ്രതികള്‍. മുക്കത്ത് പ്രതികളെത്തിയത് ബംഗാളില്‍ നിന്ന് ബീഗളുരുവിലേക്ക് വിമാനമാര്‍ഗ്ഗവും തുടര്‍ന്ന് മുക്കത്തേക്ക് ആഡംബര വാഹനത്തിലുമായിരുന്നു.
കണ്ണൂരിലും മോഷ്ടാക്കളെത്തിയത് ആഡംബര വാഹനത്തിലാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്ന മോഷണത്തില്‍ വ്യാപാരികളും ഏറെ ആശങ്കയിലാണ്. ഒരു തവണ പിടികൂടിയ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും വലിയ മോഷണം നടത്തുന്നു എന്നു പറയുന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മ കൂടിയാണ്. മോഷണമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പിഴയടച്ച് രക്ഷപ്പെടാമെന്നുള്ള സൗകര്യമാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലീസ് വിസ്മയ ഗോള്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി ശ്രീകുമാര്‍ , സിഐ പ്രേംജിത്ത് എന്നിവരെ ബന്ധപ്പെട്ടതായാണ് വിവരം.