പാലക്കാട്: ടിക്കറ്റ് പരിശോധകന്‍ ചമഞ്ഞ് ട്രെയിനില്‍ കവര്‍ച്ച നടത്തിയിരുന്ന യുവാവ് പിടിയില്‍. ആലപ്പുഴ ചേര്‍ത്തല നെടുമ്പ്രക്കാട് വേലംപറമ്പില്‍ വീട്ടില്‍ ഷമീര്‍(28) ആണ് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലായത്. ഇന്നലെ എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ടിക്കറ്റ് പരിശോധന നടത്തി പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റുചെയ്തത്.
ആറുമാസം മുമ്പ് ഷമീര്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ ബാഗ് മോഷ്ടിച്ചിരുന്നു. അതിലുണ്ടായിരുന്ന റെയില്‍വേയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത്. ഇതു കഴുത്തിലണിഞ്ഞ് ടിക്കറ്റ് പരിശോധകരുടെ യൂണിഫോം ധരിച്ച് ഇയാള്‍ പതിവായി രാത്രികാലങ്ങളില്‍ ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധന നടത്താറുള്ളതായി ആര്‍.പി.എഫ് അറിയിച്ചു.
ടിക്കറ്റ് ഇല്ലാത്ത സാധാരണ യാത്രക്കാരില്‍നിന്നും പണവും മൊബൈല്‍ ഫോണും മറ്റും ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങിയിരുന്നു. എതിര്‍ക്കുന്ന അന്യസംസ്ഥാന യാത്രക്കാരെ കമ്പാര്‍ട്ടുമെന്റിലെ ടോയ്‌ലറ്റിനു സമീപം കൊണ്ടുപോയി മര്‍ദിച്ചിരുന്നതായും പറയുന്നു. അവസരം ലഭിക്കുമ്പോള്‍ മൊബൈലും ബാഗും കവരുന്നതും പതിവാണെന്ന് അധികൃതര്‍ പറഞ്ഞു. മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതായി പറഞ്ഞ് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി സംസാരിച്ചുനിന്നു വണ്ടി സ്റ്റേഷനില്‍ എത്തുമ്പോള്‍ മൊബൈലുമായി പുറത്തേക്കു ചാടി രക്ഷപ്പെടുന്നതും പതിവായിരുന്നു.
ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ടെന്ന് ആര്‍.പി.എഫ് അറിയിച്ചു. സിഐമാരായ സി.എ. ഷംനാദ്, ബിനോയ് ആന്റണി, എഎസ്‌ഐ എം.കെ. ഉണ്ണികൃഷ്ണന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍ കെ.കെ. സൂരജ് എന്നിവരാണ് പ്രതിയെ കുടുക്കിയത്.