ഇലന്തൂര്‍: നടുറോഡില്‍ ആന വിരണ്ടത് പരിഭ്രാന്തി പരത്തി. റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന ആനയുടെ പിന്നാലെയെത്തിയ ടിപ്പര്‍ ലോറി വലിയ ശബ്ദത്തില്‍ ബ്രേക്കിട്ടത് കേട്ടാണ് ആന വിരണ്ടത്. ഭയന്നോടിയ ആനയെ ഒരു മണിക്കൂറിനകം മയക്കുവെടിവച്ചു തളച്ചു.
ഇന്നലെ രാവിലെ 8.30ന് ടികെ റോഡില്‍ വാര്യാപുരത്തിന് സമീപമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇവിടെ തടിപിടിക്കാന്‍ കൊണ്ടുവന്ന മല്ലപ്പള്ളി സ്വദേശി രഘുവിന്റെ പ്രസാദ് എന്ന ആനയെ സമീപത്തെ പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ പാപ്പാന്മാര്‍ മൂന്നുപേരും ചേര്‍ന്ന് ആനയെ അഴിച്ച് റോഡിലേക്ക് കയറ്റുമ്പോഴാണ് ടിപ്പര്‍ ലോറി പിന്നിലെത്തി ബ്രേക്ക് ചെയ്തത്.
ഇതോടെ ഭയന്ന ആന മുന്നോട്ട് ഓടി. പാപ്പാന്മാര്‍ പിന്തുടര്‍ന്നെങ്കിലും ആന നിന്നില്ല. ടികെ റോഡിലൂടെ കുറേ ദൂരം ഓടിയ ആന, മാര്‍ത്തോമ്മാ പള്ളിക്ക് സമീപത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് താഴെയുള്ള വയലില്‍ നിലയുറപ്പിച്ചു. ഭഗവതികുന്ന് കാരയ്ക്കാട്ട് രമാദേവിയുടെ വീടിന്റെ മതിലുകള്‍ക്കും ആന നാശനഷ്ടം വരുത്തി. ഇതിനോടകം വിവരമറിഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് വന്നു. വനംവകുപ്പിലെ വെറ്ററി നറി ഡോക്ടര്‍ ശശീന്ദ്രന്‍ 9.30ഓടെ ആനയെ മയക്കു വെടി വച്ചു. പിന്നീട് സമീപത്തെ റബര്‍തോട്ടത്തിലേ ക്ക് കയറ്റിയ ആനയെ വെള്ളമൊഴിച്ച് തണുപ്പിക്കുക യും ചെയ്തു. വിവരമറിഞ്ഞ് ഉടമ സ്ഥലത്തെത്തി ഉച്ചയോടെ ആനയെ മല്ലപ്പള്ളിയിലേക്ക് കൊണ്ടുപോ യി. ആന ആരെയും ഉപദ്രവിക്കാന്‍ മുതിര്‍ന്നില്ല.