കോട്ടയം: കൊടുംചൂടിന്റെ കാഠിന്യത്തില്‍ ദിവസവും മണിക്കൂറുകളോളം ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ശീതളപാനീയം നല്കി കോട്ടയം പോലീസ് മാതൃക കാട്ടി. ട്രാഫിക് പോലീസുകാര്‍ക്ക് ദിവസം നാലു തവണ ശീതള പാനീയം നല്കുന്ന പദ്ധതി ഇന്നലെ ആരംഭിച്ചു. ഡിജിപി ടി.പി. സെന്‍കുമാറിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പോലീസ്കാര്‍ക്ക് ശീതളപാനീയം നല്‍കി തുടങ്ങിയത്.
രാവിലെ 10മുതല്‍ വൈകുന്നേരം നാലു വരെയുള്ള സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ടു നാരങ്ങാവെള്ളമോ കുടിവെള്ളമോ നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ശീതളപാനീയങ്ങള്‍ക്കുള്ള തുക പോലീസിന്റെ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ഫണ്ടില്‍ നിന്നും വിനയോഗിക്കാം. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി 40,000 രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഇന്നലെ നഗരത്തിലെ 15 ട്രാഫിക് പോയിന്റുകളിലായി 25 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശീതള പാനീയം നല്കി.
മിനറല്‍ വാട്ടറിനു പുറമെ നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയും ഇടവിട്ട് നല്കുന്നുണ്ട്. കോട്ടയം ട്രാഫിക് എസ്‌ഐ കെ.വിജയന്റെ നേതൃത്വത്തില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനിലാണ് നാരങ്ങാവെള്ളവും മോരുംവെള്ളവും തയാറാക്കുന്നത്. ഇത് പിന്നീട് കുപ്പികളിലാക്കി ട്രാഫിക് പോയിന്റുകളില്‍ എത്തിച്ചുകൊടുക്കും. വേനല്‍ചൂടില്‍ വലയുന്ന പോലീസുകാര്‍ക്ക് ആശ്വാസകരമായ നടപടിയാണിതെന്നും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ തയാറാകുന്നുണ്ടെന്നും പുതിയ സംരംഭത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ടൗണില്‍ നാരങ്ങാ വെള്ളം നല്കി.