ട്രെയിന്‍ യാത്രയ്ക്കിടെ ബിസ്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വ്യാപാരിയെ കൊള്ളയടിച്ചു

KKD-MAYAKKU-BISCUTSകോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ബിസ്ക്കറ്റില്‍ മയക്കുമരുന്ന കല്‍ത്തി നല്‍കി വ്യാപാരിയെ കൊള്ളയടിച്ചു. 6,000 രൂപയും രണ്ട് മൊബൈല്‍ ഫോണുമാണ് വ്യാപാരിയായ യാത്രക്കാരനില്‍ നിന്നും ഒരു സംഘം കൊള്ളയടിച്ചത്. അരക്കിണര്‍ സ്വദേശി അബ്ദുള്‍ നാസര്‍ (45)നെയാണ് ഇതരദേശക്കാര്‍ ബിസ്ക്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൊള്ളയടിച്ചത്. ഹാമുനഗര്‍-കൊച്ചുവേളി എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

പച്ചക്കറി വ്യാപാരിയായ അബ്ദുള്‍ നാസര്‍ അഹ്മദാബാദില്‍ നിന്നും പച്ചക്കറി ലോറിയില്‍ കയറ്റി അയച്ചതിന് ശേഷം ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ന് അഹ്മദാബാദില്‍നിന്നും ട്രെയിനില്‍ കയറിയ അബ്ദുള്‍ നാസര്‍ ഉഡുപ്പിക്കും രത്‌നഗിരിക്കുമിടയിലെ ടിവിന്‍ എന്ന സ്റ്റേഷനില്‍ നിന്നും ചായ കുടിക്കാന്‍ പ്ലാറ്റ് ഫോമിലിറങ്ങിയിരുന്നു. ഈ സമയം ഒരു സംഘം ഹിന്ദി സംസാരിക്കുന്ന ഇതരദേശക്കാര്‍ ഇദ്ദേഹത്തിന് മയക്ക് മരുന്ന കലര്‍ത്തിയ ബിസ്ക്കറ്റ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ കയറിയ അബ്ദുള്‍ നാസറിന് കാസര്‍ഗോഡ് എത്തിയപ്പോഴേക്കും തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.

ബോധം നഷ്ടപ്പെട്ടെന്ന് ഉറപ്പായ സംഘം അബ്ദുള്‍ നാസറിന്റെ കയിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണും 6,000 രൂപയും എടുത്ത് സ്ഥലം വിടുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അബ്ദുള്‍ നാസര്‍ റെയില്‍ പോലീസില്‍ വിവരം അറിയിക്കുകയും ചികിത്സയ്ക്കായി ബീച്ച് ആശുപത്രിയിലെത്തുകയുമായിരുന്നു. ബീച്ച് ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത പ്രകാരം ഇദ്ദഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേരള റെയില്‍വേ പോലീസ് കേസെടുത്തു. എസ്‌ഐ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Related posts