തന്റെ കഥാപാത്രമായ രമണന്റെ ആരാധകരെ കണ്ട് സാക്ഷാല്‍ ഹരിശ്രീ അശോകന്‍ വരെ പകച്ചു പോയെന്നാണ് ഓണ്‍ലൈന്‍ ലോകത്തെ സംസാരം. ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായി രമണന്‍ മാറിയിട്ടു കുറച്ചു നാളായി. സാധാരണ ഓണ്‍ലൈന്‍ ലോകത്തെ ട്രെന്റുകള്‍ ദിനംപ്രതി മാറി മറയും. പക്ഷേ ട്രോളന്മാര്‍ രമണനെ ഏറ്റെടുത്ത മട്ടാണ് മുതലാളിയെ ചെറ്റയെന്ന് വിളിക്കാന്‍ ധൈര്യം കാണിച്ച തൊഴിലാളിയെന്ന വിളിപ്പേരു മുതല്‍ ആത്മാര്‍ഥതയുള്ള ജോലിക്കാരനായി വരെ രമണനെ വാഴ്ത്തുന്ന ട്രോളുകള്‍ സജീവമാണ്. ട്രോളന്മാരുടെ ആത്മാര്‍ഥത കണ്ട് സാക്ഷാല്‍ രമണന്‍ വരെ അമ്പരന്നു നില്‍ക്കുന്ന തരത്തിലുള്ള ട്രോളുകളുമുണ്ട്.
1998 ലാണ് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസ് പുറത്തിറങ്ങിയത്. മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി എന്റര്‍റ്റൈനര്‍ എന്നറിയപ്പെടുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയിരുന്നു. ന്യൂ സാഗാ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ദിലീപിന്റേയും ഹരിശ്രീ അശോകന്റെയും അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രമായി മാറി. കൊച്ചിന്‍ ഹനീഫയുടെ കോമഡി വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആനന്ദക്കുട്ടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ചാനലുകളില്‍ വരുമ്പോള്‍ കുടുംബസമേതം ഇന്നും മലയാളികള്‍ ഇരുന്നു കാണാനാഗ്രഹിക്കുന്ന ചിത്രത്തിലെ രമണനെ ട്രോളന്മാര്‍ ഏറ്റെടുത്തതോടെ ഓണ്‍ലൈന്‍ ലോകത്ത് ഇപ്പോഴും തരംഗം തീര്‍ക്കുകയാണ് പഞ്ചാബിഹൗസ്.