നോയ്ഡ: ഡല്‍ഹിയില്‍ 15 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നോയ്ഡയിലെ ഗൗതം ബുദ്ധ നഗര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദാര്‍ജംഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു സമീപവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒരു യുവാവ് ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു. ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ 95 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് 95 ശതമാനത്തോളം പൊള്ളല്‍ ഏറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയെ ഇയാള്‍ പലപ്പോഴായി മാനസിക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു.