ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക

charkaഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിനു മുന്നില്‍ സ്ഥാപിക്കും. പൂര്‍ണമായും തടിയില്‍ തീര്‍ത്ത ചര്‍ക്കയാണിത്. അഹമ്മദാബാദിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് (കെവിഐസി) ഇതിന്റെ നിര്‍മാതാക്കള്‍. നിര്‍മാണം പൂര്‍ത്തിയായ ചര്‍ക്ക വൈകാതെ ഡല്‍ഹിയിലേക്ക് അയയ്ക്കും.

നാലു ടണ്‍ ഭാരമുള്ള ഈ ഭീമന്‍ ചര്‍ക്ക നിര്‍മിച്ചിരിക്കുന്നത് തേക്കുതടിയിലാണ്. അമ്പതു വര്‍ഷത്തെ ആയുസാണ് ഈ ഭീമന്‍ ചര്‍ക്കയ്ക്കു പ്രതീക്ഷിക്കുന്നത്. 26 മരപ്പണിക്കാരുടെ 40 ദിവസത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഈ ഭീമന്‍ ചര്‍ക്കയെന്ന് ഖാദി ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയുടെ അഹിംസാ സൂചകമായ ചര്‍ക്ക ദിവസേന 2.5 ലക്ഷം യാത്രക്കാരുള്ള ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത് ഉചിതമാണെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ. സക്‌സേന പറഞ്ഞു. സക്‌സേനയുടെ തീരുമാനപ്രകാരമാണ് ഭീമന്‍ ചര്‍ക്ക നിര്‍മിച്ചത്. മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിനു സമീപം പ്രവര്‍ത്തിക്കുന്ന പര്‍യോഗ് സമിതിയാണ് ചര്‍ക്ക നിര്‍മിച്ചത്. കെവിഐസിയുടെ ഒരു യൂണിറ്റാണ് പര്‍യോഗ് സമിതി.

Related posts