ഡിജിറ്റല്‍ ഇന്ത്യ: പ്രചാരണവാഹനം പര്യടനം തുടങ്ങി

tvm-digitalതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണാര്‍ഥം തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്ത പ്രചാരണ വാഹനത്തിന്റെ ജില്ലാ പര്യടനം ഇന്നലെ കളക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ചു.  കളക്ടര്‍ ബിജു പ്രഭാകര്‍ പ്രചാരണ പരിപാടികള്‍ കണ്ടശേഷം വാഹനത്തിലെ ഡിസ്‌പ്ലേ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്തു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരം സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.  എന്റെ സര്‍ക്കാര്‍, പൊതു സേവാകേന്ദ്രം, ആധാര്‍ കാര്‍ഡ്, ഡിജി ലോക്കര്‍, ഇ-ഹോസ്പിറ്റല്‍, ഇ-പോസ്റ്റ്, ഭാരത്‌നെറ്റ്, കൃഷി എന്നിവ സംബന്ധിച്ച വിവിധ സേവനങ്ങളെക്കുറിച്ച് സ്കിറ്റ് രൂപത്തിലും സ്ക്രീന്‍ ഡിസ്‌പ്ലേ വഴിയും സരസമായി ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുകയാണ് പ്രചാരക സംഘം.

കാലതാമസമില്ലാതെ ജനന രജിസ്‌ട്രേഷന്‍, മരണ രജിസ്‌ട്രേഷന്‍, ഭൂമിയുടെ പ്രമാണ, പരീക്ഷാ ഫലങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്,വോട്ടര്‍ കാര്‍ഡ്, വാട്ടര്‍ബില്‍ അടയ്ക്കല്‍, ടെലിഫോണ്‍ ബില്‍ അടയ്ക്കല്‍, ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കല്‍, റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യല്‍, ജന്‍ധന്‍ യോജന, ഇന്‍ഷുറന്‍സ്, ബാങ്ക് ഇടപാടുകള്‍ തുടങ്ങിയവ സംബന്ധിച്ച സേവനങ്ങളും ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാവും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇരുപതു ദിവസത്തോളം പ്രചാരണപര്യടനം നടക്കും. ഒരു ദിവസം രണ്ട് കേന്ദ്രങ്ങളില്‍ പ്രദര്‍ശനമുണ്ടാകും. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരന്മാരാണ് കലാപരിപാടികളിലൂടെ ഡിജിറ്റല്‍ ഇന്ത്യയെ ജനങ്ങളിലെത്തിക്കുന്നത്. പ്രാദേശിക ജനപ്രതിനിധികള്‍ അക്ഷയ സംരംഭകര്‍ എന്നിവര്‍ ഓരോ സ്ഥലത്തും പ്രചാരണ പരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യമൊരുക്കും.

Related posts