`വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റത്തിനു തടയിടാന്‍ എതിരാളികളായ ടെഡ് ക്രൂസും ജോണ്‍ കാസിക്കും കൈ കോര്‍ക്കുന്നു. വരുന്ന റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ ചില സംസ്ഥാനങ്ങളില്‍ ക്രൂസും കാസിക്കും പരസ്പരമുള്ള മത്സരം ഒഴിവാക്കും.
അടുത്തമാസം മൂന്നിനു നടക്കുന്ന ഇന്ത്യാന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിക്കില്ലെന്നു കാസിക്ക് ക്രൂസിന് ഉറപ്പു നല്‍കി. പകരം മേയ് 17ലെ ഓറിഗോണ്‍ പ്രൈമറി, ജൂണ്‍ ഏഴിലെ ന്യൂമെക്‌സിക്കോ പ്രൈമറി എന്നിവയില്‍നിന്നു വിട്ടുനില്‍ക്കാമെന്നു ക്രൂസും വാഗ്ദാനം ചെയ്തു.
ടെഡ് ക്രൂസും ജോണ്‍കാസിക്കും അത്യന്തം നിരാശരാണെന്നു ട്വിറ്ററില്‍ ട്രംപ് പ്രതികരിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ കിട്ടുന്നതില്‍നിന്നു ട്രംപിനെ തടയേണ്ടത് ആവശ്യമാണെന്നു ക്രൂസും കാസിക്കും വ്യക്തമാക്കി. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയാണ് ആവശ്യം. ട്രംപ് സ്ഥാനാര്‍ഥിയാവുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കുമെന്ന് ഇരുവരും പറഞ്ഞു.
എന്നാല്‍, ക്ലീവ്‌ലന്‍ഡിലെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ആദ്യറൗണ്ടില്‍ത്തന്നെ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടി താന്‍ സ്ഥാനാര്‍ഥിയാവുമെന്നു ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം റൗണ്ടും മൂന്നാം റൗണ്ടും നമുക്ക് ആവശ്യമില്ല. ആദ്യറൗണ്ടില്‍ത്തന്നെ വിജയിക്കും- അദ്ദേഹം പറഞ്ഞു.
നിലവില്‍ ട്രംപിന് 845 ഡെലിഗേറ്റുകളും ക്രൂസിന് 559 ഡെലിഗേറ്റുകളുമാണുള്ളത്. ചൊവ്വാഴ്ച മത്സരം നടക്കുന്ന മേരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, പെന്‍സില്‍വാനിയ,ഡെലവെയര്‍ എന്നിവിടങ്ങളിലെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ട്രംപ്.