തണല്‍മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍: ഇരിട്ടിയില്‍ നടപടി തുടങ്ങി

KNR-MARAMഇരിട്ടി: നഗരത്തിലെ തണല്‍ മരങ്ങള്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ ആണിയടിച്ചും ഇരുമ്പ് കമ്പി ചുറ്റിയും നശിപ്പിക്കുന്നതിനെതിരേ നഗരസഭയും പോലീസും നല്‍കിയ അന്ത്യശാസന സമയം കഴിഞ്ഞതിനെ തുടര്‍ന്ന്  മരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും മറ്റും നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. പോലീസും ഗ്രീന്‍ലീഫ്  പ്രവര്‍ത്തകരും പങ്കെടുത്തു.

അഞ്ചുദിവസത്തിനുള്ളില്‍ ഇത്തരം ബോര്‍ഡുകളും മറ്റും നീക്കം ചെയ്യണമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകനും ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശനും കഴിഞ്ഞ എട്ടിന് പൊതുനിര്‍ദേശം നല്‍കിയിരുന്നു. ഈ സമയം ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നടപടിയുണ്ടായത്. നഗരത്തിലെ തണല്‍ മരങ്ങളില്‍ ആണി അടിച്ച് കയറ്റിയും കമ്പി ചുറ്റിയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ നടത്തുന്ന നശീകരണത്തിനെതിരേ വന്ന പത്ര-ദൃശ്യ വാര്‍ത്തകളും ഗ്രീന്‍ലീഫ് പരാതിയും പരിഗണിച്ചാണ് നഗരസഭയും പോലീസും മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിന് തണലും പ്രാണവായുവും നല്‍കി വളര്‍ന്നു പന്തലിച്ചിട്ടുള്ള നൂറിലധികം മരങ്ങളിലും പരസ്യ ബോര്‍ഡുകളാണ്.

പരസ്യക്കാര്‍ അടിക്കുന്ന ആണിയും കെട്ടുന്ന കമ്പിയും നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് മരം വളരുമ്പോള്‍ ഒടിഞ്ഞും ഉണങ്ങിയും നശിക്കുകയാണ്. സിഐ വി. ഉണ്ണികൃഷ്ണന്‍, എസ്‌ഐ കെ. സുധീര്‍, ഗ്രീന്‍ലീഫ് ഭാരാവാഹികളായ ഡോ. എം.ജെ. മാത്യു, എന്‍.ജെ ജോഷി, ജോയികുട്ടി ഏബ്രഹാം, സി. അശ്‌റഫ്, സി. അബ്ദുള്‍ ഗഫൂര്‍, പി.പി രജീഷ്, സി. ബാബു, പി. അശോകന്‍ , പി. സുനില്‍കുമാര്‍, അഡ്വ.ബിനുകുളമക്കാട്ട്,ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts