തത്തമംഗലം-മീനാക്ഷിപുരം റോഡില്‍ പകല്‍ വൈക്കോല്‍ കടത്തുന്നത് അപകടഭീഷണി

PKD-VAIKOLചിറ്റൂര്‍: തത്തമംഗലം-മീനാക്ഷിപുരം റോഡില്‍ പകല്‍സമയത്ത് വാഹനങ്ങളില്‍ വൈക്കോല്‍ കടത്തുന്നതായി പരാതി. പകല്‍നേരത്ത് ഇതിനു നിരോധനമുണ്ടെങ്കിലും ഇതൊന്നും ഇവിടെ ബാധകമല്ലെന്ന രീതിയിലാണ് വൈക്കോല്‍ കടത്തുന്നത്. തത്തമംഗലം, കൂമന്‍കാട്, പട്ടഞ്ചേരി, മൂപ്പന്‍കുളം, കരിപ്പാലി എന്നിവിടങ്ങളില്‍നിന്നാണ് തമിഴ്‌നാട്ടിലേക്ക് ട്രാക്ടര്‍ ട്രെയ്‌ലറില്‍ വൈക്കോല്‍ കൊണ്ടുപോകുന്നത്.

ഇത്തരത്തില്‍ വൈക്കോല്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മിക്കപ്പോഴും ഗതാഗതതടസത്തിനും കാരണമാകുന്നു.  ട്രാക്ടറില്‍ കൊണ്ടുപോകുന്ന വൈക്കോല്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടാതെയാണ് കൊണ്ടുപോകുന്നത്. ഇതു വൈക്കോല്‍ റോഡില്‍ കൊഴിഞ്ഞവീഴുന്നതിനും കാരണമാകുന്നു.പിറകിലൂടെ വരുന്ന മറ്റു വാഹനയാത്രക്കാരുടെ കണ്ണില്‍ വൈക്കോല്‍ മാലിന്യം വീണ് അപകടങ്ങളും പതിവാകുകയാണ്. ഇതിനുപുറമേ വഴിയാത്രക്കാരുടെ കണ്ണിലും വൈക്കോല്‍ പൊടിവീഴുകയാണ്.

മുന്‍കാലത്ത് കൊയ്ത്തു സമയത്തുമാത്രം രൊഴ്ച മാത്രമാണ് തമിഴ്‌നാട്ടിലേക്ക് വൈക്കോല്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും പകല്‍സമയത്ത് വൈക്കോല്‍ കടത്തുകയാണ്. അയ്യന്‍വീട്ടുചള്ള, പാട്ടികുളം, കുറ്റിപ്പാടം എന്നിവിടങ്ങളില്‍ റോഡുവക്കത്തെ വൈദ്യുതികമ്പികളില്‍ തട്ടി വൈക്കോലിനു തീപിടിച്ച് വാഹനം കത്തിനശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വൈക്കോല്‍ വാഹനത്തില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചു രാത്രിസമയങ്ങളില്‍ മാത്രം കൊണ്ടുപോകുന്നതിനു പോലീസ് നടപടിയെടുക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related posts